ആരോപണം തെളിഞ്ഞാല്‍ നടപടിയെടുക്കുമെന്ന് സുധീരന്‍

വെള്ളി, 24 ഏപ്രില്‍ 2015 (13:30 IST)
ബാര്‍ കോഴയുമായി ബന്ധപ്പെട്ട്  ബാര്‍ ഉടമകള്‍ നടത്തുന്ന ആരോപണങ്ങള്‍ തെളിഞ്ഞാല്‍ നടപടിയെടുക്കുമെന്ന് കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
ആരോപണം തെളിഞ്ഞാല്‍ കുറ്റക്കാര്‍ക്ക് എതിരെ രാഷ്‌ട്രീയപരമായും നിയമപരമായും നേരിടും. ആരെയും ബലിയാടാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സുധീരന്‍ പറഞ്ഞു.
 
ആരോപണങ്ങളില്‍ തെളിവ് ലഭിച്ചാല്‍ അത് ഗൗരവമായി തന്നെ കാണും. എന്നാല്‍, തെളിവില്ലാതെ ആരെയും ബലിയാടാക്കില്ല. തെളിവ് കണ്ടെത്തേണ്ടത് വിജിലന്‍സ് സംഘമാണ്. ബാര്‍ കോഴ ആരോപണത്തിന് ഇതുവരെ തെളിവ് കിട്ടിയതായി അന്വേഷണസംഘം പറഞ്ഞിട്ടില്ലെന്നും സുധീരന്‍ പറഞ്ഞു.
 
പാലക്കാട് വീരേന്ദ്രകുമാറിന്റെ തോല്‍വി സംബന്ധിച്ച് യു ഡി എഫ് ഉപസമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടി സ്വീകരിക്കുമെന്നും സുധീരന്‍ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക