അനുനയശ്രമങ്ങളുമായി ചെന്നിത്തല കോടിയേരിയെ കണ്ടു

വ്യാഴം, 12 മാര്‍ച്ച് 2015 (15:57 IST)
ധനമന്ത്രി കെ എം മാണിയെ നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ പ്രതിപക്ഷം ഉറച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതിപക്ഷ ഉപനേതാവും സി പി എം സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്‌ണനുമായി കൂടിക്കാഴ്ച നടത്തി. നിയമസഭയ്ക്കുള്ളിലാണ് കൂടിക്കാഴ്ച നടന്നത്. 
 
അതേസമയം, മാണി തന്നെ ബജറ്റ് അവതരിപ്പിക്കുമെന്ന് ഗവര്‍ണര്‍ക്ക് നല്കിയ കത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിനിടെ, നിയമസഭാമന്ദിരത്തിലെ 617ആം നമ്പര്‍ മുറിയില്‍ മന്ത്രി കെ എം മാണിക്കും താമസസൗകര്യം ഒരുക്കിയതായി സൂചനയുണ്ട്. എന്നാല്‍, താന്‍ ഔദ്യോഗികവസതിയില്‍ നിന്നു തന്നെയായിരിക്കും ബജറ്റ് അവതരിപ്പിക്കാന്‍ എത്തുകയെന്ന് മാണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
 
എന്നാല്‍, പ്രതിപക്ഷം നിയമസഭയില്‍ തുടരുകയാണെങ്കില്‍ തങ്ങളും നിയമസഭയില്‍ തങ്ങുമെന്ന് ഭരണപക്ഷം വ്യക്തമാക്കി. നേരത്തെ, മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാന്‍ നിയമസഭയില്‍ ഇന്ന് തങ്ങുമെന്ന് പ്രതിപക്ഷം പറഞ്ഞിരുന്നു. ഇതിനിടെ, ബജറ്റ് അവതരണം വരെ സന്ദര്‍ശകരെ അനുവദിക്കില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി.
 
കെ എം മാണിയുടെ മുറിയില്‍ അദ്ദേഹത്തിന്റെ 15 ജീവനക്കാര്‍ക്കായി സൗകര്യങ്ങള്‍ ഒരുക്കുന്നു. നിയമസഭ ഇന്നത്തേക്ക്  പിരിഞ്ഞെങ്കിലും പ്രതിപക്ഷ അംഗങ്ങള്‍ സഭയില്‍ തന്നെ ഇരിക്കുകയാണ്. മാണി തന്നെ ബജറ്റ് അവതരിപ്പിക്കുമെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി മാണിയെ കുറ്റക്കാരനായി കാണാനാകില്ലെന്നും കത്തിലൂടെ ഗവര്‍ണറോട് വിശദീകരിച്ചു. ബജറ്റ് അവതരണ കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് വിശദീകരിക്കണമെന്ന് മുഖ്യമന്ത്രിയോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു.

വെബ്ദുനിയ വായിക്കുക