അതിരപ്പള്ളി പദ്ധതി നടപ്പാക്കും, മുല്ലപ്പെരിയാര്‍ നിലപാടില്‍ മാറ്റമില്ല: മുഖ്യമന്ത്രി

ഞായര്‍, 29 മെയ് 2016 (16:51 IST)
വൈദ്യുത മന്ത്രി കടകംപള്ളി സുരേന്ദ്രന് പിന്നാലെ അതിരപ്പിള്ളി ജലവൈദ്യുതപദ്ധതിയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്ത്. അതിരപ്പിള്ളി വെള്ളച്ചാട്ടത്തെ ബാധിക്കാതെ പദ്ധതി നടപ്പാക്കാനാണ് ആലോചിക്കുന്നത്. എല്‍ഡിഎഫ് ഇക്കാര്യത്തില്‍ നേരത്തെ തീരുമാനമെടുത്തിട്ടുള്ളതാണ്. പദ്ധതിയുടെ പാരിസ്ഥിതിക അനുമതിക്കുള്ള നീക്കം തുടങ്ങിയത് താന്‍ വൈദ്യുതി മന്ത്രിയായിരിക്കെയാണ്. ഇതിന് അന്നു തന്നെ അനുമതി ലഭിച്ചതുമാണ്. അന്നത്തെ രാഷ്ട്രീയമായ കാരണങ്ങൾ കൊണ്ടാണ് പദ്ധതി മുടങ്ങിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
മന്ത്രിമാരുടെ അഭിപ്രായ പ്രകടനങ്ങള്‍ തടയാന്‍ പറ്റില്ലെന്നും അവര്‍ക്ക് വകുപ്പുകളെക്കുറിച്ച് കാര്യങ്ങള്‍ പറയാമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ മന്ത്രിസഭയില്‍ പറയേണ്ടത് മന്ത്രിസഭയിലും എല്‍ഡിഎഫില്‍ പറയേണ്ടത് എല്‍ഡിഎഫില്‍ പറയുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് മറുപടിയായി പിണറായി പറഞ്ഞു. വിഷയത്തിൽ അനുകൂല നിലപാട് അറിയിച്ച വൈദ്യുത മന്ത്രിക്കെതിരെ കാനം രാജേന്ദ്രനും കൃഷി മന്ത്രി വി.എസ്. സുനിൽകുമാറും രംഗത്തെത്തിയിരുന്നു.
 
നേരത്തെ അതിരപ്പിള്ളി, ചീമേനി വൈദ്യുതി പദ്ധതികളെ അനുകൂലിച്ച് വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്ത് എത്തിയതോടെയാണ് ഇത് ചര്‍ച്ചയായത്. തുടര്‍ന്ന് കഴിഞ്ഞ സര്‍ക്കാരിലെ വൈദ്യുതി മന്ത്രിയായിരുന്ന ആര്യാടന്‍ മുഹമ്മദ് ഇതിനെ പിന്തുണച്ച് രംഗത്ത് എത്തിയിരുന്നു. പദ്ധതി നടപ്പാക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് കഴിയുമോ എന്നറിയില്ലെന്നായിരുന്നു ആര്യാടന്‍ പറഞ്ഞത്. അതേസമയം ഇടത് സര്‍ക്കാരിലെ രണ്ടാമത്തെ വലിയ കക്ഷിയായ സിപിഐ പദ്ധതിക്കെതിരെ രംഗത്ത് എത്തിയിട്ടുണ്ട്.
 
മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട് നിലപാട് ആവർത്തിച്ചും മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. സംഘർഷമല്ല, ചർച്ചയാണ് വേണ്ടത്. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് യാഥാർഥ്യം മനസിലാക്കണം. പുതിയ ഡാം നിർമിക്കാൻ കേരളത്തിന് ഒറ്റയ്ക്ക് സാധിക്കില്ല. നിയമസഭ പാസാക്കിയ പ്രമേയത്തിലും ഇക്കാര്യം വ്യക്തമാണ്. രണ്ട് സംസ്ഥാനങ്ങളുടെയും സഹകരണത്തോടെ മാത്രമേ കഴിയൂവെന്നും ഇന്നലെ പറഞ്ഞ നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്നും പിണറായി വിജയൻ വ്യക്തമാക്കി. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക