വി എസ് ഇടപെട്ടു, സർക്കാർ മുന്നോട്ടിറങ്ങി; ഭൂമിയിടപാടിൽ അടിയന്തര റിപ്പോർട്ട് നൽകണമെന്ന് റവന്യു മന്ത്രി

ചൊവ്വ, 31 ജനുവരി 2017 (10:25 IST)
ലോ അക്കാദമിയിലെ ഭൂമി ഇടപാടിൽ  സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. റവന്യു സെക്രട്ടറിക്ക് ആണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. ആരോപണങ്ങളെക്കുറിച്ച് അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി എസ് അച്യുതാനന്ദന്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചത്.
 
ലോ അക്കാദമി ഭൂമി സര്‍ക്കാര്‍ ഭൂമിയാണോ എന്ന കാര്യം പരിശോധിക്കും. സർക്കാർ ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിച്ചോ എന്ന് അന്വേഷിക്കും. ഇക്കാര്യം വി എസിനെ ഔദ്യോഗികമായി അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഇന്നലെയാണ് ലോ അക്കാദമിയിലെ ഭൂമി വിഷയത്തില്‍ വിഎസ് അടിയന്തര ഇടപെടല്‍ നടത്തിയത്.
 
വിദ്യാഭ്യാസ ആവശ്യത്തിനാണ് സര്‍ക്കാര്‍ ഭൂമി വിട്ടുനല്‍കിയത്, വിദ്യാഭ്യാസ ഇതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാണ് കത്തില്‍ വിഎസ് ആവശ്യപ്പെട്ടിരുന്നത്. സ്വകാര്യ റിയല്‍ എസ്റ്റേറ്റ് കമ്പനിയുമായി ചേര്‍ന്ന് ഫ്‌ളാറ്റുണ്ടാക്കി വില്‍ക്കുന്നത് ശരിയാണോയെന്നും വിഎസ് കത്തില്‍ ചോദിച്ചിരുന്നു. 

വെബ്ദുനിയ വായിക്കുക