നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാർത്ഥിനികളുടെ അടിവസ്ത്രമഴിപ്പിച്ച് പരിശോധിച്ചു

തിങ്കള്‍, 8 മെയ് 2017 (07:50 IST)
പ്രവേശനപ്പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രമഴിപ്പിച്ച് പരിശോധന നടത്തിയ നടപടി വിവാദമാകുന്നു. ഞായറാഴ്ച നടന്ന നീറ്റ് പരീക്ഷയിലാണ് വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ചതും ചുരിദാറിന്റെ നീളമുള്ള കൈകൾ മുറിച്ചു മാറ്റിയതും. 
 
കുഞ്ഞിമംഗലം കൊവ്വപ്പുറം പിസ്‌ക് ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് സംഭവം. നിബന്ധനകളുടെ പേരിലാണ് ഇവർ വിദ്യാർത്ഥിനികളോട് ഇങ്ങനെ പെരുമാറിയത്. പ്രവേശനപ്പരീക്ഷ നിബന്ധനകള്‍ പാലിക്കാതെ എത്തിയവരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.  
 
പരീക്ഷയ്ക്ക് തൊട്ടുമുമ്പാണ് അധികൃതര്‍ വിദ്യാര്‍ഥിനികളെ മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് പരിശോധന നടത്തിയത്. ലോഹക്കൊളുത്തുള്ള ബ്രാ ധരിച്ചെത്തിയ പെണ്‍കുട്ടികളെ കൊണ്ട് അത് ക്ലാസ് മുറിയിൽ വെച്ച് തന്നെ അഴിപ്പിച്ച് പുറത്തുനിൽക്കുന്ന അമ്മമാരുടെ കൈകളിൽ ഏൽപ്പിച്ച ശേഷം മാത്രമാണ് പരീക്ഷ എഴുതിപ്പിച്ചത്. 
 
പലർക്കും ദൂരസ്ഥലങ്ങളിൽ പോയി വസ്ത്രം വാങ്ങിയിട്ട് പരീക്ഷ എഴുതേണ്ടി വന്നു. ചുരിദാറിന്റെ കൈകൾക്ക് നീളമുള്ളവർക്കും നീളമുള്ള ഷർട്ട് ഇട്ട് വന്ന വിദ്യാർത്ഥികൾക്കും പീഡനം നേരിടേണ്ടി വന്നു. അഞ്ചരക്കണ്ടി മലബാര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലും ചുരിദാറിന്റെ കൈ മുറിച്ചതായി പരാതി ഉയര്‍ന്നു.

വെബ്ദുനിയ വായിക്കുക