ചുവരെഴുത്തിലെ ഭാഷ ക്യാമ്പസിന് ചേരാത്തത്; വിദ്യാഭ്യാസ മന്ത്രിയും വിദ്യാർത്ഥികളെ കൈയ്യൊഴിയുന്നു!

വ്യാഴം, 22 ഡിസം‌ബര്‍ 2016 (12:51 IST)
എറണാകുളം മഹാരാജാസ് കോളജിലെ ചുവരുകളിൽ മതസ്പർദ്ദ വളർത്തുന്ന തരത്തിലുള്ള പ്രചരണങ്ങൾ എഴുതിയ വിദ്യാർത്ഥികളെ കൈവിട്ട് വിദ്യാഭ്യാസ മന്ത്രിയും. ചുവരെഴുത്തുമായി ബന്ധപ്പെട്ട് പ്രിൻസിപ്പൽ കെ എൽ ബീനയെ പിന്തുണച്ചും ന്യായീകരിച്ചുമാണ് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് രംഗത്ത് എത്തിയിരിക്കുന്നത്. 
 
ആവിഷ്കാര സ്വാതന്ത്ര്യം സമൂഹത്തിന് അപകടകരമാകരുത്. ചുവരിലെഴുതിയ ഭാഷയും ആശയും പ്രധാനപ്പെട്ടതാണ്. അത് നല്ലതാകണം. ഭാഷ ക്യാംപസിന് ചേരാത്തതാണ്. അതിനാലാണ് പ്രിന്‍സിപ്പല്‍ പരാതി നല്‍കിയത്. സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
 
കോളേജിലെ പൊതുമുതല്‍ നശിപ്പിച്ചെന്നും മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തിലുളള പ്രചാരണം നടത്തിയെന്നും കാണിച്ചാണ് പ്രിൻസിപ്പൽ വിദ്യാർത്ഥികൾക്കെതിരെ പരാതി നൽകിയത്. കുരീപ്പുഴയുടെ കവിതകളല്ല, അശ്ലീലവും മതവിദ്വേഷവുമുളള ചുവരെഴുത്തുകളാണ് വിദ്യാര്‍ഥികള്‍ നടത്തിയതെന്ന് പ്രിന്‍സിപ്പാള്‍ ഇന്നലെ മാധ്യമങ്ങളോടും വ്യക്തമാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് അഞ്ചുവിദ്യാര്‍ഥികളെ റിമാന്‍ഡ് ചെയ്തിരുന്നു. ജാമ്യത്തുക കെട്ടിവെച്ച് ഇവര്‍ ഇന്നലെ പുറത്തിറങ്ങുകയും ചെയ്തിരുന്നു.
 

വെബ്ദുനിയ വായിക്കുക