നടിയെ ആക്രമിച്ച ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവിന്റെ ഹാഷ് വാല്യു മാറി? എന്താണ് ഈ ഹാഷ് വാല്യു?

വ്യാഴം, 17 ഫെബ്രുവരി 2022 (19:17 IST)
നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ അടങ്ങിയ പെന്‍ഡ്രൈവിന്റെ ഹാഷ് വാല്യു മാറിയെന്ന ആരോപണം മാധ്യമങ്ങളിലൂടെ നിങ്ങൾ കേട്ടിരിക്കും. എന്താണ് മാധ്യമങ്ങളിൽ ഇത്രയധികം ചർച്ചയാകുന്ന ഹാഷ്‌ വാല്യു. എങ്ങനെയാണ് ഈ വാല്യു മാറുന്നത് എന്ന് നോക്കാം.
 
ടെക്സ്റ്റ് മുതല്‍ വിഡിയോ ഫയൽ വരെയുള്ളവയ്ക്ക് നേരിയ വ്യത്യാസം പോലും വരുത്തിയാല്‍ അറിയാന്‍ സാധിക്കുന്ന സംവിധാനമാണ് ഹാഷ് വാല്യു. പങ്കുവയ്ക്കുന്ന ടെക്സ്റ്റില്‍ ഒരു അക്ഷരമോ സ്‌പെയ്‌സോ കൂടുതല്‍ ഇട്ടാല്‍ പോലും കൃത്യമായി തിരിച്ചറിയാനാകും എന്നതാണ് ഇതിന്റെ പ്രത്യേകത. അതായത് ഡിജിറ്റൽ തെളിവുകൾ ചെറിയ കൃത്രിമത്വം നടത്തിയാൽ പോലും ഹാഷ് വാല്യുവിലൂടെ മനസിലാക്കാം.
 
നിങ്ങള്‍ അയച്ച അല്ലെങ്കില്‍ സൂക്ഷിച്ച ഫയല്‍ യാതൊരു വ്യത്യാസവുമില്ലാതെ ഇരിക്കുന്നു എന്ന് ഉറപ്പിക്കാനാണ് ഈ ഹാഷ് വാല്യു ഉപയോഗിക്കുന്നത്. നടിയെ ആക്രമിച്ച കേസിൽ ഹാഷ് വാല്യു വ്യത്യാസപ്പെട്ടു എന്നത് കൊണ്ട് ഫയലിൽ മാറ്റം വരുത്തിയെന്നാണ് അർത്ഥമാക്കുന്നത്.
 
സാക്ഷിയുടെയും ഇരയുടെയുമടക്കം മൊഴിയെടുത്ത ശേഷം ഹാഷ് വാല്യു ഇട്ട് വിഡിയോ ഫയലുകള്‍ സേവ് ചെയ്യുന്നത് ഇപ്പോൾ സാധാരണമാണ്. ഈ ഹാഷ് വാല്യു കോടതിയെ ബോധ്യപ്പെടുത്തിയാൽ ഫയലില്‍ പൊലീസ് മാറ്റം വരുത്തിയെന്ന ആരോപണം നിലനില്‍ക്കില്ല. വിചാരണയും മറ്റുമുള്ള ലീഗൽ ക്രമങ്ങൾ സുതാര്യമാക്കാൻ ഈ സാങ്കേതികത സഹായിക്കുന്നു.മൊഴിയെടുത്ത ശേഷം ഹാഷ് വാല്യു അടക്കം സിഡിയിലോ പെന്‍ഡ്രൈവിലോ സേവ് ചെയ്ത് അതു കോടതിക്കു കൈമാറുന്ന രീതിയാണ് നിലവിൽ ഉപയോഗിക്കുന്നത്.
 
എന്നാൽ രാജ്യത്തെ പല പൊലീസ് സ്റ്റേഷനുകളിലും ഇതിനുള്ള ഉപകരണങ്ങളുടെ അപര്യാപ്‌തത ഉണ്ടെന്നുള്ളത് ഒരു പ്രശ്‌നമാണ്. മുംബൈയിലാണ് മൊഴി ഇത്തരത്തിൽ സൂക്ഷിക്കുന്ന രീതി തുടങ്ങിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍