ട്രെയിൻ, വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതോടൊപ്പം തന്നെ ഇനി ഐആർസിടിസിയിൽ ബസ് യാത്രയ്ക്കുള്ള ടിക്കറ്റുകളും ബുക്ക് ചെയ്യാം. www.bus.irctc.co.in എന്ന വെബ്സൈറ്റിലൂടെയാണ് ബസ് ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ ഐആർസിടിസി സംവിധാനം ഒരുക്കിയിരിയ്ക്കുന്നത്. ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് മുൻപ് ബസുകളുടെ ചിത്രങ്ങൾ കണ്ട് സൗകര്യങ്ങൾ പരിശോധിയ്ക്കുകയുമാകാം. യുപിഎസ്‌ആര്‍ടിസി, എപിഎസ്‌ആര്‍ടിസി, ജിഎസ്‌ആര്‍ടിസി, ഒഎസ്‌ആര്‍ടിസി, കേരള ആര്‍ടിസി മുതലായ സംസ്ഥാന റോഡ് ഗതാഗത കോര്‍പ്പറേഷന്‍ ബസുകളുടെ ടിക്കറ്റുകളും ബൂക്ക് ചെയ്യാൻ സാധിയ്ക്കും.
ഐആർസിടിസിയുടെ മൊബൈൽ ആപ്പിൽ മാർച്ച് ആദ്യ വാരത്തോടെ ഈ സംവിധാനം ലഭ്യമാകും. വിവിധ സംസ്ഥാനങ്ങളുടെ 50,000 ലധികം സ്റ്റേറ്റ് ബസ് സർവിസുകളുമായും, 22 സംസ്ഥാനങ്ങളിലെയും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലെയും സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാരുമായും സഹകരിച്ചാണ് ഐആർസിടിസി ഈ സംവിധാനം ലഭ്യമാക്കുന്നത്. റെയില്‍വേ മന്ത്രാലയം, വാണിജ്യ വ്യവസായ മന്ത്രാലയം, ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം എന്നിവയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള രാജ്യത്തെ ആദ്യ ഷോപ്പ് ട്രാവല്‍ പോര്‍ട്ടലായി ഐആർസിടിസി മാറുകയാണ് എന്ന് ഐആർസ്ടിസി വ്യക്താമാക്കി.