ആധിപത്യം ഉറപ്പിക്കാന്‍ ലോലിപോപ്പുമായി ആന്‍ഡ്രോയിഡെത്തുന്നു

വ്യാഴം, 16 ഒക്‌ടോബര്‍ 2014 (13:17 IST)
ആഗോള സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഇപ്പോള്‍ ആധിപത്യം പുലര്‍ത്തുന്ന സ്മാര്‍ട്ട്‌ഫോണ്‍ ഒഎസ് ആയ ആന്‍ഡ്രോയിഡ് മുഖം മിനുക്കി ഉഒഅയോക്താക്കള്‍ക്ക് അനായാസം ഉപയോഗിക്കാന്‍ കഴിയുന്ന രീതിയില്‍ എത്തുന്നു. തങ്ങളുടെ ഏറ്റവും പരിഷ്കരിച്ച പതിപ്പായ ആന്‍ഡ്രോയ്ഡ് 5.0 ലോലിപോപ്പ് ഉടന്‍ വിപണിയിലെത്തും. ഗൂഗിളിന്റെ സ്മാര്‍ട്ട്ഫോണുകള്‍ വഴിയാണ് ഇവ ആദ്യം എത്തുക.

നെക്‌സസ് 6 സ്മാര്‍ട്ട്‌ഫോണ്‍, നെക്‌സസ് 9 ടാബ്‌ലറ്റ്, മീഡിയ സ്ട്രീമിങിനുള്ള നെക്‌സസ് പ്ലെയര്‍ എന്നീ മൂന്ന് വ്യത്യസ്ത ഉപകരണങ്ങളിലൂടെയാണ് ആന്‍ഡ്രോയ്ഡ് 5.0 ആദ്യം ഉപയോക്താക്കളിലെത്തുന്നത്.
 നവംബര്‍ 3 ന് നെക്‌സസ് 9 ടാബും നെക്‌സസ് പ്ലെയറും വിപണിയിലെത്തും. ഐഡിസിയുടെ കണക്ക് പ്രകാരം, ലോകവിപണിയില്‍ 84.7 ശതമാനമാനം സ്മാര്‍ട്ട്‌ഫോനുകളും പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയിഡ് ഒ‌എസിലാണ്.

പ്രൊഫഷണലുകളെ കൂടുതലായി ആകര്‍ഷിക്കാന്‍ പാകത്തിലാണ് ലോലിപോപ്പ് എത്തുന്നത്. ഒരേ ഉപകരണത്തെ തന്നെ പേഴ്‌സണല്‍ മോഡിലേക്കും, വര്‍ക്ക് 'പേഴ്‌സണാലിറ്റി'യിലേക്കും മാറ്റി, രണ്ട് രീതിയില്‍ യാതൊരു ബുദ്ധിമുട്ടുമില്ലാതെ ഉപയോഗിക്കാന്‍ പുതിയ ആന്‍ഡ്രോയ്ഡ് അവസരമൊരുക്കുന്നു. ഫാക്ടറി റീസെറ്റിങ് പരിമിതപ്പെടുത്തുന്ന പ്രത്യേക സംരക്ഷണ സങ്കേതവും ലോലിപോപ്പിലുണ്ട്. അതിനാല്‍, മോഷ്ടിച്ച ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കുക ബുദ്ധിമുട്ടാകും.

പരസ്പരം ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന എല്ലാ ഉപകരണങ്ങള്‍ക്കും ഭാവിയില്‍ ആന്‍ഡ്രോയ്ഡ് ഉപയോഗിക്കാന്‍ കഴിയണം എന്നതാണ് ഗൂഗിളിന്റെ ലക്ഷ്യം. അതിലേക്കുള്ള ആദ്യചുവടുവെപ്പാണ് ലോലിപോപ്പ്. 2011 ലെ ആന്‍ഡ്രോയ്ഡ് 4.0 ഐസ് സ്‌ക്രീം സാന്‍ഡ്‌വിച്ചിന് ശേഷം, ഗൂഗിള്‍ നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട ആന്‍ഡ്രോയ്ഡ് അവതരണമാണ് ലോലിപോപ്പിന്റേത്.

ആനിമേഷനുകളുടെ അനായാസത, നിറങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകുന്ന ഡിസൈന്‍, മെച്ചപ്പെടുത്തിയ മള്‍ട്ടിടാസ്‌കിങ് മെനു, ശബ്ദമുപയോഗിച്ച് കൂടുതല്‍ മികച്ച രീതിയില്‍ ഇടപഴകാനുള്ള (ഇന്ററാക്ട് ചെയ്യാനുള്ള) അവസരം, 90 മിനിറ്റ് ബാറ്ററി ആയുസ്സ് വര്‍ധിപ്പിക്കാനുള്ള പുതിയൊരു ബാറ്ററി സേവിംഗ് മോഡ്, കാര്‍ഡുകളുടെ രൂപത്തിലുള്ള നോട്ടിഫിക്കേഷന്‍, സ്റ്റോര്‍ചെയ്ത ഡേറ്റയുടെ സംരക്ഷണാര്‍ഥം എന്‍ക്രിപ്ഷന്‍ സങ്കേതം തുടങ്ങിയ പുതിയ കുറേ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ലോലിപോപ്പ് എത്തുന്നത്.


ഗൂഗിള്‍ ലോലിപോപ്പിന്റെ ടീസര്‍ ഇവിടെ കാണാം.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക