IPL 2020 Final: കപ്പ് മുംബൈ ഇന്ത്യന്‍സിന്, വിജയ ശില്‍പ്പി രോഹിത് ശര്‍മ്മ

ജോര്‍ജി സാം

ചൊവ്വ, 10 നവം‌ബര്‍ 2020 (23:01 IST)
ഐ പി എല്‍ കിരീടം വീണ്ടും മുംബൈ ഇന്ത്യന്‍സിന്. ഡല്‍ഹി ക്യാപിറ്റല്‍‌സ് ഉയര്‍ത്തിയ 157 റണ്‍സ് വിജയലക്ഷ്യം 18.4 ഓവറില്‍ മുംബൈ ഇന്ത്യന്‍സ് മറികടന്നു. ഇതിന് അവര്‍ക്ക് നഷ്ടപ്പെടുത്തേണ്ടിവന്നത് അഞ്ച് വിക്കറ്റുകള്‍. 
 
ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ക്യാപിറ്റല്‍‌സ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെടുത്തു. 56 റണ്‍സെടുത്ത റിഷഭ് പന്തും 65 റണ്‍സെടുത്ത നായകന്‍ ശ്രേയസ് അയ്യരും മാത്രമാണ് മികച്ച പ്രകടനം കാഴ്‌ച വച്ചത്. മുംബൈയ്‌ക്കായി ട്രെന്റ് ബോൾട്ട് മൂന്നു വിക്കറ്റെടുത്തു. നഥാൻ കൂൾട്ടർനൈൽ രണ്ടും ജയന്ത് യാദവ് ഒരു വിക്കറ്റുമെടുത്തു.
 
മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈ ഇന്ത്യന്‍സ് ബാറ്റ്‌സ്‌മാന്‍‌മാര്‍ പക്വമായ ബാറ്റിംഗ് പ്രകടനമാണ് നടത്തിയത്. രോഹിത് ശര്‍മ (68), ഇഷാന്‍ കിഷന്‍ (പുറത്താകാതെ 33)‌ എന്നിവരുടെ തകര്‍പ്പന്‍ പ്രകടനം മുംബൈയ്ക്ക് അനായാസമായ വിജയം സമ്മാനിച്ചു.

ക്വിന്‍റണ്‍ ഡി കോക്ക് (20), സൂര്യകുമാര്‍ യാദവ് (19), പൊള്ളാര്‍ഡ് (9), ഹാര്‍ദ്ദിക് പാണ്ഡ്യ (3) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റ്സ്മാന്‍‌മാര്‍. വിജയറണ്‍ കുറിക്കാനുള്ള ഭാഗ്യം ലഭിച്ചത് ക്രുനാല്‍ പാണ്ഡ്യയ്ക്കാണ്. ഡൽഹിക്കായി ആൻറിച്ച് നോർട്യ രണ്ടും റബാദ, സ്റ്റോയ്നിസ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
 
ആദ്യമായി ഐ പി എല്‍ കിരീടം നേടാനുള്ള അവസരമാണ് ഡല്‍ഹി കളഞ്ഞുകുളിച്ചത്. മുംബൈക്ക് ഇത് അഞ്ചാം കിരീടമാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍