Royal Challengers Bengaluru: റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് പ്ലേ ഓഫില്‍ എത്താന്‍ '18' ന്റെ കടമ്പ ! പതിനെട്ടാം നമ്പര്‍ ജേഴ്‌സിയില്‍ വിരാട് കോലി അഴിഞ്ഞാടിയാല്‍ ഈ കടമ്പയൊക്കെ അവര്‍ അനായാസം മറികടക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഐപിഎല്ലില്‍ എന്നല്ല ലോക ക്രിക്കറ്റില്‍ തന്നെ വളരെ അപൂര്‍വമായി നടക്കാവുന്ന '18' ന്റെ കളികള്‍ക്കാണ് മേയ് 18 ശനിയാഴ്ച ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയം സാക്ഷ്യം വഹിക്കുക.
പ്ലേ ഓഫില്‍ നിന്ന് ഒരു ജയം മാത്രം അകലെയാണ് ആര്‍സിബി ഇപ്പോള്‍. മേയ് 18 ശനിയാഴ്ച നടക്കുന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് ആര്‍സിബിയുടെ എതിരാളികള്‍. ചെന്നൈയ്‌ക്കെതിരെ വെറുതെ ജയിച്ചാല്‍ പോരാ ആര്‍സിബിക്ക്. ഒന്നുകില്‍ ചെന്നൈയുടെ സ്‌കോര്‍ 18.1 ഓവറില്‍ മറികടക്കണം, അല്ലെങ്കില്‍ 18 റണ്‍സിന് വിജയിക്കണം. മാത്രമല്ല ആര്‍സിബിയുടെ തുറുപ്പുച്ചീട്ട് വിരാട് കോലിയുടെ ജേഴ്‌സി നമ്പറും 18 തന്നെ !
പതിനെട്ടിന്റെ ടെന്‍ഷനില്‍ ഇരിക്കുന്ന ആര്‍സിബി ആരാധകരെ കൂളാക്കാന്‍ മറ്റൊരു കണക്ക് കൂടിയുണ്ട്, മേയ് 18 ന് നടന്ന ഒരൊറ്റ ഐപിഎല്‍ മത്സരത്തില്‍ പോലും ആര്‍സിബി ഇതുവരെ തോറ്റിട്ടില്ല ! മാത്രമല്ല വിരാട് കോലിയുടെ മികച്ച ഇന്നിങ്‌സുകള്‍ മേയ് 18 ന് പിറന്നിട്ടുമുണ്ട്. ഐപിഎല്‍ ചരിത്രത്തില്‍ നാല് തവണയാണ് ആര്‍സിബി മേയ് 18 ന് കളിച്ചിട്ടുള്ളത്. നാലിലും ജയിച്ചു.
മേയ് 18 നു നടന്ന രണ്ട് കളികളില്‍ കോലി സെഞ്ചുറിയും ഒരെണ്ണത്തില്‍ അര്‍ധ സെഞ്ചുറിയും നേടിയിട്ടുണ്ട്. 2013 മേയ് 18 ന് ചെന്നൈക്കെതിരെ നടന്ന മത്സരത്തില്‍ 26 പന്തില്‍ 56 റണ്‍സുമായി കോലി പുറത്താകാതെ നിന്നു. 2014 മേയ് 18 നു നടന്ന ചെന്നൈക്കെതിരായ മത്സരത്തില്‍ കോലി 29 പന്തില്‍ 27 റണ്‍സാണ് നേടിയത്. മത്സരത്തില്‍ ജയം ആര്‍സിബിക്ക് ഒപ്പം തന്നെ. 2016 ല്‍ പഞ്ചാബിനെതിരെ 50 പന്തില്‍ നിന്ന് കോലി 113 റണ്‍സ് നേടി. 2023 ല്‍ ഹൈദരബാദിനെതിരെ 63 പന്തില്‍ നിന്ന് 100 റണ്‍സും കോലി നേടി. രണ്ട് കളികളിലും ആര്‍സിബിക്കൊപ്പമായിരുന്നു ജയം.