മുകേഷ് കുമാറിന്റെ പ്രകടനത്തിന് വിലയില്ലെ? ഒരു ക്യാച്ച് കണ്ട് പന്തിന് മാന്‍ ഓഫ് ദ മാച്ച് കൊടുത്തത് ബിസിസിഐയുടെ കളി

അഭിറാം മനോഹർ

വ്യാഴം, 18 ഏപ്രില്‍ 2024 (13:55 IST)
Rishab pant,Delhi Capitals
ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ അനായാസമായ വിജയമാണ് കഴിഞ്ഞ ദിവസം ഡല്‍ഹി ക്യാപ്പിറ്റല്‍സ് സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് സ്വന്തം കാണികള്‍ക്ക് മുന്നില്‍ വെറും 89 റണ്‍സിനാണ് തകര്‍ന്നടിഞ്ഞത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി 67 പന്തുകള്‍ ബാക്കിനില്‍ക്കെയാണ് വിജയം സ്വന്തമാക്കിയത്. മത്സരത്തില്‍ ബാറ്റ് കൊണ്ട് കാര്യമായി ഒന്നും തന്നെ ചെയ്യാന്‍ സാധിക്കാതിരുന്നിട്ടും ഡല്‍ഹി നായകനായ റിഷഭ് പന്തിനെയാണ് മത്സരത്തിലെ താരമായി തെരെഞ്ഞെടുത്തത്. വിക്കറ്റിന് പിന്നില്‍ നടത്തിയ പ്രകടനങ്ങളാണ് താരത്തെ മാന്‍ ഓഫ് ദ മാച്ചിന് അര്‍ഹനാക്കിയത്.
 
മത്സരത്തില്‍ ബാറ്റ് കൊണ്ട് കാര്യമായൊന്നും ചെയ്യാന്‍ പന്തിന് സാധിച്ചിരുന്നില്ല. 11 പന്തില്‍ 16 റണ്‍സെടുത്ത പന്ത് മത്സരത്തില്‍ 2 ക്യാച്ചും ഒരു സ്റ്റമ്പിങ്ങും കീപ്പറെന്ന നിലയില്‍ നടത്തിയിരുന്നു. ഡല്‍ഹിക്കായി മുകേഷ് കുമാര്‍ 2.3 ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി മികച്ച പ്രകടനം നടത്തിയിട്ടും പന്തിന് മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം നല്‍കിയത് വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ പന്തിന്റെ സാധ്യത ഉയര്‍ത്താനാണെന്ന് വിമര്‍ശകര്‍ പറയുന്നു. മത്സരത്തില്‍ മുകേഷ് കുമാറോ ഇഷാന്ത് ശര്‍മയോ ആണ് മാന്‍ ഓഫ് ദ മാച്ച് അര്‍ഹിച്ചിരുന്നതെന്നാണ് വിമര്‍ശകരുടെ വാദം.
 
ഡല്‍ഹിക്കായി മുകേഷ് കുമാര്‍ 14 റണ്‍സിന് 3 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഗുജറാത്തിന്റെ പ്രധാനതാരങ്ങളായ ശുഭ്മാന്‍ ഗില്ലിനെയും ഡേവിഡ് മില്ലറിനെയും പുറത്താക്കിയത് ഇഷാന്തായിരുന്നു. 2 ഓവറില്‍ വെറും 8 റണ്‍സ് വിട്ടുനല്‍കിയാണ് ഇഷാന്ത് 2 വിക്കറ്റുകള്‍ വീഴ്ത്തിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍