LSG vs DC: പന്തിന്റെ തുടക്കം പാളി; ലഖ്‌നൗവിനെ തോൽപ്പിച്ച് ഡൽഹി

രേണുക വേണു

വ്യാഴം, 2 ഏപ്രില്‍ 2026 (08:55 IST)
LSG

LSG vs DC: മുൻ ഫ്രാഞ്ചൈസിയായ ഡൽഹി ക്യാപിറ്റൽസിനോടു തോൽവി വഴങ്ങി റിഷഭ് പന്തിന്റെ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്. ലഖ്‌നൗവിൽ നടന്ന മത്സരത്തിൽ ആറ് വിക്കറ്റിനാണ് ഡൽഹിയുടെ ജയം. ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ 18.4 ഓവറിൽ 141 നു ഓൾഔട്ട് ആയി. മറുപടി ബാറ്റിങ്ങിൽ 17.1 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ഡൽഹി ലക്ഷ്യം കണ്ടു. 
 
ഓപ്പണർമാരായ കെ.എൽ.രാഹുൽ (പൂജ്യം), പത്തും നിസങ്ക (ഒന്ന്) എന്നിവർ അതിവേഗം കൂടാരം കയറിയെങ്കിലും നാലാമനായി ക്രീസിലെത്തിയ സമീർ റിസ്വി അർധ സെഞ്ചുറി നേടി ടീമിനെ ജയത്തിലെത്തിച്ചു. 47 പന്തിൽ അഞ്ച് ഫോറും നാല് സിക്‌സും സഹിതം റിസ്വി 70 റൺസുമായി പുറത്താകാതെ നിന്നു. ട്രിസ്റ്റൺ സ്റ്റബ്‌സ് 32 പന്തിൽ പുറത്താകാതെ 39 റൺസെടുത്തു. 
 
ലുങ്കി എങ്കിടി, ടി നടരാജൻ എന്നിവരുടെ ബൗളിങ് മികവാണ് ലഖ്‌നൗവിന്റെ ഇന്നിങ്‌സ് കുഞ്ഞൻ സ്‌കോറിൽ ഒതുക്കിയത്. എങ്കിടി 3.4 ഓവറിൽ 27 വഴങ്ങി മൂന്ന് വിക്കറ്റ് സ്വന്തമാക്കി. നടരാജൻ നാല് ഓവറിൽ 29 നു മൂന്ന് വിക്കറ്റ് വീഴ്ത്തി. കുൽദീപ് യാദവ് നാല് ഓവറിൽ 31 വഴങ്ങി രണ്ട് വിക്കറ്റെടുത്തു. അക്‌സർ പട്ടേലിനു ഒരു വിക്കറ്റ്. 25 പന്തിൽ 36 റൺസെടുത്ത അബ്ദുൾ സമദ് ആണ് ലഖ്‌നൗവിന്റെ ടോപ് സ്‌കോറർ. മിച്ചൽ മാർഷ് 28 പന്തിൽ 35 റൺസെടുത്തു. റിഷഭ് പന്ത് (ഒൻപത് പന്തിൽ ഏഴ്) നിരാശപ്പെടുത്തി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍