ഇന്ന് തോറ്റാൽ പെട്ടിമടക്കാം, നിർണായക മത്സരത്തിനൊരുങ്ങി പഞ്ചാബും ബാംഗ്ലൂരും

അഭിറാം മനോഹർ

വ്യാഴം, 9 മെയ് 2024 (17:23 IST)
ഐപിഎല്ലില്‍ ഇന്ന് പഞ്ചാബ് കിംഗ്‌സ്- റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരു പോരാട്ടം. എട്ട് പോയന്റുകളുള്ള ഇരു ടീമുകള്‍ക്കും ഇന്ന് ജീവന്മരണ പോരാട്ടമാണ്. കണക്കിലെ കളി പ്രകാരം നിലവില്‍ പഞ്ചാബിനും ആര്‍സിബിക്കും പ്ലേ ഓഫ് സാധ്യതകള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. ഇന്ന് തോല്‍ക്കുന്നവര്‍ പക്ഷേ മുംബൈയ്ക്ക് പിന്നാലെ പ്ലേ ഓഫ് കാണാതെ പുറത്താകും. തോറ്റുകൊണ്ടാണ് തുടങ്ങിയെങ്കിലും പിന്നീട് വിജയവഴിയില്‍ തിരിച്ചെത്തിയ ആര്‍സിബി തങ്ങളുടെ തുടര്‍ച്ചയായ നാലാമത്തെ വിജയമാണ് ഇന്ന് ലക്ഷ്യമിടുന്നത്.
 
 വിരാട് കോലിയ്‌ക്കൊപ്പം ഫാഫ് ഡുപ്ലെസിസും വില്‍ ജാക്‌സും ഫോമിലെത്തിയതാണ് ആര്‍സിബിക്ക് ആശ്വാസം നല്‍കുന്ന ഘടകം. കാമറൂണ്‍ ഗ്രീന്‍, ഗ്ലെന്‍ മാക്‌സ്വെല്‍ എന്നിവര്‍ക്ക് ബാറ്റിംഗില്‍ തിളങ്ങാനാകുന്നില്ല എന്നത് ടീമിന്റെ ദൗര്‍ബല്യമാണ്. എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ മുഹമ്മദ് സിറാജും യാഷ് ദയാലും ഉള്‍പ്പെടുന്ന ബൗളിംഗ് നിര മികച്ച പ്രകടനം പുറത്തെടുത്തത് ആര്‍സിബിക്ക് കരുത്ത് നല്‍കുന്നു. അതേസമയം ഏത് കളിയും വിജയിക്കാനും തോല്‍ക്കാനും സാധ്യതയുള്ള ടീമെന്ന അപ്രവചനീയതയാണ് പഞ്ചാബ് സമ്മാനിക്കുന്നത്. 
 
വാലറ്റം വരെ തകര്‍ത്തടിക്കാന്‍ ശേഷിയുള്ള ബാറ്റര്‍മാരുണ്ടെങ്കിലും പഞ്ചാബ് പ്രധാനമായും ആശ്രയിക്കുന്നത് ശശാങ്ക് സിംഗിന്റെ പ്രകടനത്തെയാണ്. ജോണി ബെയര്‍ സ്റ്റോ, പ്രഭ് സിമ്രാന്‍ തുടങ്ങിയ താരങ്ങള്‍ ടോപ്പ് ഓര്‍ഡറില്‍ മികച്ച പ്രകടനം നടത്തിയാല്‍ പഞ്ചാബിനെ പിടിച്ചുകെട്ടുക എളുപ്പമാവില്ല. സാം കറന്റെ ഔള്‍ റൗണ്ട് മികവും പഞ്ചാബിന് കരുത്ത് നല്‍കുന്നുണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍