മുന്‍ മത്സരങ്ങളില്‍ ചെന്നൈയ്ക്ക് വേണ്ടി എട്ടാം നമ്പറിലാണ് ധോണി ബാറ്റ് ചെയ്യാനെത്തിയത്. എന്നാല്‍ കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ അഞ്ചാമനായി ധോണി ക്രീസിലെത്തി. അപ്പോഴേക്കും ചെന്നൈ ജയം ഉറപ്പിച്ചിരുന്നു. 16.5 ഓവറില്‍ 135 റണ്‍സിന് ചെന്നൈയുടെ മൂന്നാം വിക്കറ്റ് നഷ്ടമായപ്പോഴാണ് ധോണിയുടെ വരവ്. ധോണി ക്രീസിലെത്തുമ്പോള്‍ ചെന്നൈയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് വെറും മൂന്ന് റണ്‍സ് !
അജിങ്ക്യ രഹാനെ, സമീര്‍ റിസ്വി, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് മുന്‍പാണ് ധോണി ഇത്തവണ ക്രീസിലെത്തിയത്. കളി അവസാനിച്ചപ്പോള്‍ മൂന്ന് പന്തില്‍ ഒരു റണ്‍സുമായി ധോണി പുറത്താകാതെ നില്‍ക്കുകയായിരുന്നു. ധോണി ക്രീസിലെത്തുന്നത് കാത്ത് ആരാധകര്‍ കാത്തിരിക്കുകയാണെന്ന് മനസിലായപ്പോഴാണ് ടീം മാനേജ്‌മെന്റ് താരത്തെ ബാറ്റിങ്ങിനയച്ചത്. വലിയ ആരവത്തോടെയാണ് ധോണിയെ ആരാധകര്‍ സ്വാഗതം ചെയ്തതും.