സ്ട്രൈക്ക് റേറ്റെല്ലാം ഓവർ റേറ്റഡാണ്, അതിൽ കാര്യമില്ല: കൊൽക്കത്ത വിജയത്തിന് പിന്നാലെ അജിങ്ക്യ രഹാനെ

ജിതിൻരാജ് കെ വി

തിങ്കള്‍, 20 ഏപ്രില്‍ 2026 (12:47 IST)
ഐപിഎല്ലിലെ തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ശേഷം ആദ്യവിജയം സ്വന്തമാക്കിയതിന്റെ ആശ്വാസത്തിലാണ് കൊല്‍ക്കത്ത. ഞായറാഴ്ച രാജസ്ഥാന്‍ റോയല്‍സിനെതിരെ നടന്ന ആവേശകരമായ പോരാട്ടത്തിനൊടുവിലാണ് കൊല്‍ക്കത്ത വിജയം സ്വന്തമാക്കിയത്. സീസണിലെ ആദ്യ 6 കളികളിലും പരാജയപ്പെട്ടതിനാല്‍ കളി കഴിഞ്ഞയുടന്‍ ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങേണ്ടി വരുമായിരുന്നുവെന്നും ഇന്ന് പക്ഷേ ഗ്രൗണ്ടില്‍ അധികസമയം ചെലവഴിക്കാനായതില്‍ സന്തോഷമുണ്ടെന്നായിരുന്നു കൊല്‍ക്കത്ത നായകന്‍ അജിങ്ക്യ രഹാനെയുടെ ആദ്യ പ്രതികരണം.
 
 ടൂര്‍ണമെന്റിലെ മികച്ച ടീമുകളിലൊന്നായ രാജസ്ഥാനെതിരെ കൊല്‍ക്കത്തയുടെ സ്പിന്‍ നിര തിളങ്ങിയതായിരുന്നു വിജയത്തില്‍ നിര്‍ണായകമായത്. രാജസ്ഥാനെ 156 റണ്‍സില്‍ തളച്ചെങ്കിലും ശക്തമായ പോരാട്ടത്തിനൊടുവിലാണ് കൊല്‍ക്കത്ത വിജയിച്ചത്. റിങ്കു സിംഗ്, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ മികച്ച പ്രകടനം നടത്തിയെന്നും സമ്മര്‍ദ്ദത്തെ റിങ്കു കൈകാര്യം ചെയ്ത രീതി മികച്ചതായിരുന്നുവെന്നും രഹാനെ മത്സരശേഷം പറഞ്ഞു. ലോ സ്‌കോറിംഗ് ത്രില്ലറായിരുന്ന മത്സരത്തെ പറ്റി രഹാനെയുടെ വാക്കുകള്‍ ഇങ്ങനെ.
 
 ഇത്തരം പിച്ചുകളില്‍ സ്‌ട്രൈക്ക് റേറ്റിന് പ്രാധാന്യം നല്‍കേണ്ടതില്ല. ഇങ്ങനെയുള്ള പിച്ചുകളില്‍ വിക്കറ്റുകള്‍ക്കിടയിലെ ഓട്ടത്തിനാണ് മുന്‍ഗണന നല്‍കേണ്ടത്. വലിയ സിക്‌സുകള്‍ നേടുന്നതിനേക്കാള്‍ ശ്രദ്ധ സിംഗിളുകളും ഡബിളുകളും നേടുന്നതിലാണ് വേണ്ടത്. കഴിഞ്ഞ മത്സരങ്ങളിലും ഇത്തരം പിഴവുകള്‍ ഞങ്ങള്‍ക്ക് സംഭവിച്ചിരുന്നു. വരാനിരിക്കുന്ന 5 ദിവസത്തെ ഇടവേള ടീമിനെ ഈ പിഴവുകള്‍ തിരുത്താന്‍ സഹായിക്കുമെന്നും ഡ്രസ്സിംഗ് റൂമിലെ അന്തരീക്ഷം മികച്ചതാണെന്നും രഹാനെ പറഞ്ഞു. ഏപ്രില്‍ 26ന് ലഖ്‌നൗവിനെതിരെയാണ് കൊല്‍ക്കത്തയുടെ അടുത്തമത്സരം.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍