വെറും 37 പന്തുകൾ നേരിട്ട പ്രിയാൻഷ് നാല് ഫോറും ഒൻപത് സിക്‌സും സഹിതം 93 റൺസെടുത്താണ് പുറത്തായത്. സ്‌ട്രൈക് റേറ്റ് 251.35 ആണ്. ഏഴ് റൺസ് അകലെയാണ് പ്രിയാൻഷിനു സെഞ്ചുറി നഷ്ടമായത്. തന്റെ സെഞ്ചുറിക്ക് വേണ്ടി കളിക്കാതെ ടീമിന്റെ റൺസ് ഉയർത്തുക മാത്രമാണ് പ്രിയാൻഷ് ലക്ഷ്യമായി കണ്ടത്. ഇതുവരെ അഞ്ച് കളികളിൽ നിന്ന് 248.24 സ്‌ട്രൈക് റേറ്റിൽ 211 റൺസാണ് പ്രിയാൻഷ് ആര്യ നേടിയിരിക്കുന്നത്.
കഴിഞ്ഞ മെഗാ താരലേലത്തിൽ പഞ്ചാബ് കാത്തിരുന്ന് റാഞ്ചിയ യുവതാരമാണ് പ്രിയാൻഷ്. അൺക്യാപ്ഡ് താരമായ പ്രിയാൻഷിനു വേണ്ടി 3.8 കോടി രൂപ പഞ്ചാബ് ചെലവഴിച്ചു. ഡൽഹി പ്രീമിയർ ലീഗിൽ സൗത്ത് ഡൽഹി സൂപ്പർസ്റ്റാർസിനായി പത്ത് ഇന്നിങ്സുകളിൽ നിന്ന് 608 റൺസ് അടിച്ചുകൂട്ടിയായിരുന്നു പ്രിയാൻഷിന്റെ വരവ്. നേരത്തെ ഡൽഹി ക്യാപിറ്റൽസ് ടീമിന്റെ ഭാഗമായിരുന്ന പഞ്ചാബിന്റെ ഇപ്പോഴത്തെ പരിശീലകൻ റിക്കി പോണ്ടിങ് ആണ് പ്രിയാൻഷ് ആര്യയെ 'സ്‌കെച്ച്' ചെയ്തത്. ഡൽഹി ക്യാപിറ്റൽസും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും പ്രിയാൻഷിനായി ലേലത്തിൽ മത്സരിച്ചെങ്കിലും പഞ്ചാബ് വിട്ടുകൊടുത്തില്ല.