ഇത് അംഗീകരിക്കാനാകില്ല; റസല്‍ വെടിക്കെട്ടില്‍ പൊട്ടിത്തെറിച്ച് കോഹ്‌ലി
ശനി, 6 ഏപ്രില്‍ 2019 (15:00 IST)
ഐപിഎല്ലിലെ തുടര്‍ച്ചയായ അഞ്ചാം തോല്‍വിക്ക് പിന്നാലെ ബൗളര്‍മാര്‍ക്കെതിരെ പൊട്ടിത്തെറിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ നായകന്‍ വിരാട് കോഹ്‌ലി. 18 പന്തില്‍ നിന്നും 53 റണ്‍സ് വേണ്ട സാഹചര്യത്തില്‍ നിന്നാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ജയം പിടിച്ചെടുത്തത്. ഇതാണ് ക്യാപ്‌റ്റനെ ചൊടിപ്പിച്ചത്.
അവസാന നാല് ഓവറിലെ കൃത്യതയില്ലാത്ത ബോളിംഗാണ് തോല്‍വിക്ക് കാരണമെന്ന് കോഹ്‌ലി പറഞ്ഞു. അംഗീകരിക്കാനാകാത്ത കാര്യമാണ് നടന്നത്. നാലോവറില്‍ 75 റണ്‍സ് പ്രതിരോധിക്കാനായില്ലെങ്കില്‍ 100 റണ്‍സായാലും ഒന്നും ചെയ്യാനാകില്ലെന്നും മത്സരശേഷം അദ്ദേഹം പറഞ്ഞു.
ആന്ദ്രേ റസലിന്റെ വെടിക്കെട്ടിന്റെ കരുത്തിലാണ് കൈവിട്ട മത്സരം കൊല്‍ക്കത്ത പിടിച്ചെടുത്തത്. 13 പന്തില്‍ ഏഴ് സിക്സും ഒരു ബൗണ്ടറിയും സഹിതം 48 റണ്‍സെടുത്ത റസല്‍ മത്സരം കൊല്‍ക്കത്ത ക്യാമ്പിലേക്ക് നയിക്കുകയായിരുന്നു.
നേരത്തെ കോഹ്‌ലിയുടെയും (49 പന്തില്‍ 84), എബി ഡിവില്ലിയേഴ്‌സിന്റെയും (32 പന്തില്‍ 63) വെടിക്കെട്ടിലാണ് ബാംഗ്ലൂര്‍ നിശ്ചിത ഓവറില്‍ 205 റണ്‍സെടുത്തത്. എന്നാല്‍, റസലിന്റെ ബാറ്റ് താണ്ഡവമാടിയപ്പോള്‍ അപ്രാപ്യമായ വിജയലക്ഷ്യം അഞ്ച് പന്തുകള്‍ ബാക്കിനില്‍ക്കേ കൊല്‍ക്കത്ത മറികടന്നു.