തകർത്തടിച്ച് എങ്ങോട്ടാണ്? സെവാഗിനേയും പിന്നിലാക്കി റിഷഭ് പന്ത്

ഞായര്‍, 5 മെയ് 2019 (13:21 IST)
ഡൽഹി കാപിറ്റൽസിനായി തകർത്തുകളിക്കുന്ന റിഷഭ് പന്ത് മറ്റൊരു റെക്കോർഡ് കൂടി തന്റെ പേരിലാക്കുന്നു. വെടിക്കെട്ട് ബാറ്റ്സ്‌മാൻ സാക്ഷാൽ വീരേന്ദർ സെവാഗ് ഡൽഹിയിൽ കളിച്ച് തീർത്ത സിക്‌സുകളുടെ റെക്കോർഡാണ് പന്ത് തിരുത്തി എഴുതുന്നത്. ഡൽഹിക്കു വേണ്ടി ഏറ്റവും കൂടുതൽ സിക്സുകൾ പറത്തിയ താരമാവുകയാണ് പന്ത്.
 
ഡൽഹിക്കു വേണ്ടി 86 സിക്‌സറുകളാണ് പന്ത് പറത്തിയത്. സെവാഗ് പറത്തിയത് 85 സിക്സറുകളും. 2008 മുതൽ 2013 വരെയാണ് സെവാഗ് ഡൽഹിക്ക് വേണ്ടി കളിച്ചത്. ഐ‌പിഎല്ലിലെ സിക്സ് വേട്ടക്കാരിൽ 106 സിക്സോടെ 16ആം സ്ഥാനത്താണ് താരം. ഡൽഹിയുടെ സിക്സടി വീരന്മാരിൽ പന്തിനും സെവാഗിനും പിന്നിൽ 67 സിക്സോടെയുള്ളത് ശ്രേയസ് അയ്യരാണ്.
 
ഐപിഎൽ പന്ത്രണ്ടാം സീസണിൽ ഡൽഹിക്ക് വേണ്ടി ഏറ്റവും കൂടുതൽ സിക്‌സ് പറത്തിയ താരവും പന്താണ്. രാജസ്ഥാനെതിരെ പറത്തിയ അഞ്ച് കൂറ്റൻ സിക്സുകളോടെ ഈ സീസണിലെ തന്റെ സിക്സുകളുടെ എണ്ണം പന്ത് 21ലേക്ക് എത്തിച്ചു. രണ്ടാമതുള്ള ശ്രേയസ് അയ്യരേക്കാൾ ഏഴ് സിക്സുകൾക്ക് പന്ത് മുന്നിൽ.
 
നിർണ്ണായകമായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനു ജയം നിഷേധിച്ചായിരുന്നു ഡൽഹിയുടെ കളി. 116 റൺസ് എന്ന ചെറിയ ടോട്ടൽ രാജസ്ഥാൻ ഉയർത്തിയപ്പോൾ പന്തിന്റെ മികവിൽ 23 പന്ത് ബാക്കി നിൽക്കെ ഡൽഹി ജയം പിടിച്ചു. 38 പന്തിൽ നിന്നും 53 റൺസ് അടിച്ചായിരുന്നു പന്തിന്റെ കളി. പൃഥ്വി ഷായും തുടരെ ക്രീസ് വിട്ടതിനു പിന്നാലെ എത്തിയ പന്ത് ഏഴാം ഓവറിൽ റയാൻ പരാഗിനെ രണ്ട് വട്ടം സിക്സ് പറത്തിയാണ് ആക്രമണത്തിനു തുടക്കമിട്ടത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍