ചെന്നൈ - മുംബൈ ഫൈനല്‍ വരുമോ? വന്നാല്‍ ആര് ജയിക്കും?

ബുധന്‍, 8 മെയ് 2019 (14:04 IST)
നടുങ്ങിവിറച്ചിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ്. എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്? ചെന്നൈയെ തകര്‍ത്തെ മുംബൈ ഇന്ത്യന്‍സ് ഐ പി എല്‍ ഫൈനലില്‍ കടന്നു. ഈ സീസണില്‍ തന്നെ ഇത് മൂന്നാം തവണയാണ് മുംബൈ ചെന്നൈയെ തോല്‍പ്പിക്കുന്നത്.
 
ചെന്നൈയുടെ ഹോം ഗ്രൌണ്ടില്‍ ബാറ്റ്സ്മാന്‍‌മാര്‍ക്ക് കാര്യമായ പിന്തുണ ലഭിക്കാതിരുന്ന പിച്ചില്‍ വിവേകത്തോടെ ബാറ്റ് ചെയ്തതാണ് മുംബൈക്ക് നേട്ടമായത്. ചെന്നൈ ഉയര്‍ത്തിയ വിജയലക്‍ഷ്യമായ 132 റണ്‍സ് മുംബൈ 18.3 ഓവറില്‍ നേടി. സൂര്യകുമാര്‍ യാദവ് പുറത്താകാതെ നേടിയ 71 റണ്‍സാണ് മുംബൈക്ക് കരുത്തായത്.
 
പരാജയപ്പെട്ടെങ്കിലും ചെന്നൈക്ക് ഇനിയും അവസരമുണ്ട്. ഡല്‍ഹി - ഹൈദരാബാദ് എലിമിനേറ്ററിലെ വിജയിയുമായി രണ്ടാം ക്വാളിഫയറില്‍ ചെന്നൈക്ക് ഏറ്റുമുട്ടാം. അതില്‍ ജയിച്ചാല്‍ ഫൈനലിലുമെത്താം. അങ്ങനെയെങ്കില്‍ ചെന്നൈ - മുംബൈ ഫൈനല്‍ പ്രതീക്ഷിക്കാം.
 
പക്ഷേ ഒരു ചോദ്യം ബാക്കിയാവുന്നു. ഫൈനലില്‍ എത്തിയാലും ചെന്നൈക്ക് കപ്പുയര്‍ത്താനാകുമോ? ഈ സീസണില്‍ തന്നെ മൂന്ന് തവണ തോല്‍പ്പിച്ച് തങ്ങളാണ് ചെന്നൈയേക്കാള്‍ മികച്ച ടീമെന്ന് അടിവരയിട്ട് തെളിയിച്ചവരാണ് മുംബൈ ടീം. ധോണിപ്പടയ്ക്ക് മുംബൈയോട് കാര്യമായി ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് ഹോം ഗ്രൌണ്ടില്‍ നടന്ന മത്സരത്തില്‍ തന്നെ തെളിയിക്കപ്പെട്ടു.
 
ധോണിയെ മാറ്റിനിര്‍ത്തിയാല്‍ ചെന്നൈ ടീം ഒന്നുമല്ലെന്ന് പലരും നേരത്തേ അഭിപ്രായപ്പെട്ടെങ്കിലും അത് കൂടുതല്‍ വ്യക്തമായത് ചൊവ്വാഴ്ച നടന്ന ഒന്നാം ക്വാളിഫയറിലാണ്. ബാറ്റ്സ്‌മാന്‍‌മാര്‍ക്ക് പിന്തുണ ലഭിക്കില്ലെന്ന് തിരിച്ചറിഞ്ഞാല്‍ ആ രീതിയില്‍ ബാറ്റ് ചെയ്യാനുള്ള സാമാന്യബോധം നഷ്ടപ്പെട്ടവരെപ്പോലെയാണ് ചെന്നൈ ടീം കളിച്ചത്. ബാറ്റിംഗിലും ബോളിംഗിലും ഫീല്‍ഡിംഗിലും അമ്പേ പരാജയമായ ഒരു ടീമായി ചെന്നൈ മാറുന്നത് ദയനീയ കാഴ്ചയായിരുന്നു.
 
മത്സരത്തിന് ശേഷം മഹേന്ദ്രസിംഗ് ധോണിയും ആത്മവിശ്വാസം തകര്‍ന്ന രീതിയിലാണ് സംസാരിച്ചത്. മുരളി വിജയ്, വാട്സണ്‍ തുടങ്ങിയവര്‍ കളത്തില്‍ കാണിക്കുന്ന പ്രൊഫഷണലിസമില്ലായ്മ ധോണി ഇനി മണിക്കൂറുകള്‍ക്കുള്ളില്‍ എങ്ങനെ പരിഹരിക്കുമെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.
 
ഫൈനലില്‍ ഇത് അഞ്ചാം തവണയാണ് മുംബൈ എത്തുന്നത്. കഴിഞ്ഞ നാല് തവണ എത്തിയപ്പോള്‍ അതില്‍ മൂന്ന് തവണയും കപ്പുയര്‍ത്താന്‍ മുംബൈക്ക് കഴിഞ്ഞു. ചെന്നൈക്കും ധോണിക്കും ചങ്കിടിപ്പ് ഏറുന്നതില്‍ അത്ഭുതമില്ലല്ലോ!

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍