തിരുവനന്തപുരം നിരാശപ്പെടും; ചെന്നൈയുടെ മത്സരങ്ങള്‍ വിശാഖപട്ടണത്തേക്ക്
ബുധന്‍, 11 ഏപ്രില്‍ 2018 (20:09 IST)
കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപവത്‌കരണം ആവശ്യപ്പെട്ട് തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തമായി തുടരുന്നതിനാല്‍ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഹോം മത്സരങ്ങൾ മറ്റൊരു വേദിയിലേക്ക് മാറ്റി.
ചെന്നൈയുടെ ശേഷിക്കുന്ന ആറ് മത്സരങ്ങള്‍ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുമെന്ന വാര്‍ത്തകള്‍ പുറത്തു വന്നതിന് പിന്നാലെ മറ്റൊരു വാര്‍ത്ത കൂടി പുറത്തുവിട്ട് ബിസിസിഐ.
തിരുവനന്തപുരത്തെക്കൂടാതെ വിശാഖപട്ടണം, പൂനെ,രാജ്‌കോട്ട് എന്നീ വേദികളും പരിഗണനയിലുണ്ട് എന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്. ചെന്നൈ മാനേജ്‌മെന്റിന് തിരുവനന്തപുരത്തേക്കാള്‍ മത്സരങ്ങള്‍ നടത്താന്‍ താത്പര്യം വിശാഖപട്ടണത്താണ് എന്നും ബിസിസിഐ വ്യക്തമാക്കി.
തമിഴ് ആരാധകരുടെ സാമിപ്യമാണ് വിശാഖപട്ടണത്തോട് താല്‍പ്പര്യം കാണിക്കാന്‍ ചെന്നൈ മാനേജ്‌മെന്റിനെ പ്രേരിപ്പിക്കുന്നത്. തുടര്‍ന്നുള്ള മത്സരങ്ങള്‍ക്ക് ചെപ്പോക്കില്‍ സുരക്ഷയൊരുക്കാന്‍ കഴിയില്ലെന്ന് ചെന്നൈ പൊലീസ് വ്യക്തമാക്കിയിരുന്നു.
വിവിധ തമിഴ് സംഘടനകളും രാഷ്ട്രീയ പാർട്ടികളും ചെന്നൈയിൽ ഐപിഎൽ നടത്തുന്നതിന് എതിരാണ്. ചെന്നൈ താരം രവീന്ദ്ര ജഡേജയ്‌ക്ക് നേരെ ഷൂവേറ് ഉണ്ടായി. ഇതിനെ തുടര്‍ന്ന് നാല് ‘നാം തമിളര്‍ കക്ഷി’ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്‌തു.
ശക്തമായ പ്രതിഷേധമാണ് ചെന്നൈ - കൊല്‍ക്കത്ത മത്സരത്തിനിടെ സ്‌റ്റേഡിയത്തിന് പുറത്ത് നടന്നത്. സ്റ്റേഡിയത്തിനുള്ളിലും പരിസരത്തുമായി നാലായിരത്തോളം പൊലീസുകാരെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നു.