ചെന്നൈ ടീം കളര്‍ഫുള്ളായി തിരിച്ചുവരുന്നു; ധോണിക്കൊപ്പം വിജയിയും നയന്‍താരയും!
ശനി, 22 ഏപ്രില്‍ 2017 (11:43 IST)
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) തിളങ്ങി നിന്ന ചെന്നൈ സൂപ്പര്‍കിംഗ്സ് അടുത്ത സീസണില്‍ എത്തുമെന്ന കാര്യത്തില്‍ സംശയങ്ങള്‍ അവസാനിക്കുന്ന സാഹചര്യത്തില്‍ തങ്ങളുടെ സൂപ്പര്‍ നായകന് മഹേന്ദ്ര സിംഗ് ധോണിയെ ടീമില്‍ തിരിച്ചെത്തിക്കാനുള്ള നീക്കം ടീം അധികൃതര്‍ ശക്തമാക്കിയെന്ന് റിപ്പോര്‍ട്ട്.
ധോണിയെ തന്നെ നായകനാക്കി പഴയ കിടിലന്‍ ടീമിനെ വീണ്ടും കളത്തിലിറക്കാനാണ് സൂപ്പര്‍ കിംഗ്സ് മാനേജ് മെന്റ് പദ്ധതിയിടുന്നതെന്നാണ് ഊഹാപോഹങ്ങള്‍. ടീമില്‍ അഴിച്ചു പണിക്കും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
തിരിച്ചു വരവില്‍ കൂടുതല്‍ ശ്രദ്ധ കൈവരുന്നതിനായി തമിഴ്സൂപ്പര്‍ താരം വിജയേയും നയന്‍താരയേയും ബ്രാന്‍ഡ് അംബാസഡര്മാരാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
2008ല്‍ ടീം മാനേജ്മെന്റ് ഇരുവരെയും ബ്രാന്‍ഡ് അംബാസഡര്‍മാരായി പ്രഖ്യാപിച്ചിരുന്നു. അതേസമയം ഇരുവരും ഇക്കാര്യത്തില്‍ ഒരു പ്രഖ്യാപനവും ഇതുവരെ നടത്തിയിട്ടില്ല. അടുത്ത സീസണില്‍ ചെന്നൈ ടീം എത്തുമെങ്കിലും വിജയിയും നയന്‍താരയും സിനിമയുമായി ബന്ധപ്പെട്ട തിരക്കില്‍ കഴിയുന്നതാണ് അധികൃതരെ സമ്മര്‍ദ്ദത്തിലാക്കുന്നത്.
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ തിരിച്ചു വരവാണ് ആരാധകര്‍ കൂടുതലായി കാത്തിരിക്കുന്നത്. ധോണി നയിക്കുന്ന ചെന്നൈ ടീമിന് വന്‍ ആരാധകവൃന്തമാണുള്ളത്. പൂനെ ടീമില്‍ മോശം ഫോം തുടരുന്ന ധോണി ഏറെ പഴി കേള്‍ക്കുന്നുണ്ട്.
ഒത്തുകളി വിവാദത്തില്‍ വിലക്ക് നേരിടുന്ന ചെന്നൈ സൂപ്പർ കിംഗ്സ്, രാജസ്ഥാൻ റോയൽസ് ടീമുകളെ വിലക്ക് തീര്‍ന്നതിനെത്തുടര്‍ന്ന് ഐപിഎല്ലിലേക്ക് ബിസിസിഐ സ്വാഗതം ചെയ്തിരുന്നു. 2018ലെ ഐപിഎൽ മത്സരങ്ങളിൽ പങ്കെടുക്കുന്നതിനുവേണ്ടിയാണ് ടീമുകളെ സ്വാഗതം ചെയ്തിരിക്കുന്നത്. ടീമുകളെ രണ്ടു വർഷത്തേക്കു വിലക്കിയ കാലാവധി അവസാനിച്ചു. ഇതോടെ ടീമുകളെ ടെൻഡർ ക്ഷണിക്കുന്നതിനായി ബിസിസിഐ സ്വാഗതം ചെയ്തു.