രക്ഷാപ്രവർത്തനവുമായി മിച്ചൽ- വില്യംസൺ, തുടക്കത്തിലെ തകർച്ച മറികടന്ന് കിവികൾ

ബുധന്‍, 15 നവം‌ബര്‍ 2023 (20:50 IST)
ലോകകപ്പ് സെമിഫൈനല്‍ മത്സരത്തില്‍ ഇന്ത്യയുടെ 397 എന്ന കൂറ്റന്‍ സ്‌കോര്‍ പിന്തുടരുന്ന ന്യൂസിലന്‍ഡ് ഭേദപ്പെട്ട നിലയില്‍. 33 ഓവര്‍ പിന്നിടുമ്പോള്‍ 220ന് 4 വിക്കറ്റെന്ന നിലയിലാണ് ന്യൂസിലന്‍ഡ്. 69 റണ്‍സെടുത്ത  നായകന്‍ കെയ്ന്‍ വില്യംസണിൻ്റെ വിക്കറ്റാണ് നഷ്ടമായത്. റൺസൊന്നുമെടുക്കാതെ ഗ്ലെൻ ഫിലിപ്പും 100 റണ്‍സുമായി ഡാരില്‍ മിച്ചലുമാണ് ക്രീസില്‍.മുഹമ്മദ് ഷമിക്കാണ് ന്യൂസിലൻഡിൻ്റെ നാല് വിക്കറ്റുകളും. ഇന്ത്യയുടെ വമ്പന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ന്യൂസിലന്‍ഡിന് തുടക്കത്തില്‍ തന്നെ അവരൂടെ ഓപ്പണിംഗ് ബാറ്റര്‍മാരായ ഡെവോണ്‍ കോണ്‍വെ (13), രചിന്‍ രവീന്ദ്ര(13) എന്നിവരെ നഷ്ടമായിരുന്നു. 
 
നേരത്തെ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 397 എന്ന കൂറ്റന്‍ സ്‌കോറാണ് ഇന്ത്യ സ്വന്തമാക്കിയത്. സെഞ്ചുറി പ്രകടനങ്ങളുമായി തിളങ്ങിയ വിരാട് കോലി, ശ്രേയസ് അയ്യര്‍ എന്നിവരാണ് ഇന്ത്യയെ വമ്പന്‍ സ്‌കോറിലെത്തിച്ചത്. കോലി 113 പന്തില്‍ നിന്നും 117 റണ്‍സും ശ്രേയസ് അയ്യര്‍ 70 പന്തില്‍ നിന്നും 105 റണ്‍സുമാണ് നേടിയത്. 66 പന്തില്‍ 80 റണ്‍സുമായി ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലും 29 പന്തില്‍ 47 റണ്‍സുമായി നായകന്‍ രോഹിത് ശര്‍മയും മികച്ച പ്രകടനമാണ് നടത്തിയത്. 20 പന്തില്‍ നിന്നും 39 റണ്‍സുമായി തകര്‍ത്തടിച്ച കെ എല്‍ രാഹുലും ഇന്ത്യന്‍ സ്‌കോര്‍ നാനൂറിനടുത്തെത്താന്‍ സുപ്രധാന പങ്കുവഹിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍