യമനില്‍ വെടിനിര്‍ത്തല്‍; സൗദിയുടെ നിര്‍ദേശം വിമതര്‍ അംഗീകരിച്ചു

തിങ്കള്‍, 11 മെയ് 2015 (08:01 IST)
ആഭ്യന്തരസംഘര്‍ഷം രൂക്ഷമായ യമനില്‍ ഹൂതി വിമതര്‍ക്ക് നേരെ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യ സേന നടത്തുന്ന വ്യോമാക്രമണങ്ങള്‍ കൂടുതല്‍ ശക്തമാക്കിയതോടെ രാജ്യത്തെ ജനജീവിതം താറുമാറാക്കിയ സാഹചര്യത്തിലാണ് താല്‍ക്കാലിക വെടിനിര്‍ത്തലിന് തയാറാണെന്ന് സൗദി വ്യക്തമാക്കി. നിര്‍ദേശം അംഗീകരിച്ച ഹൂതി വിമതര്‍ വെടിനിര്‍ത്തല്‍ ലംഘിച്ചാല്‍ തങ്ങള്‍ തിരിച്ചടിക്കുമെന്നും സൗദിയെ അറിയിച്ചു. ഹൂതികള്‍ക്ക് സമ്മതമാണെങ്കില്‍ നാളെ മുതല്‍ അഞ്ച് ദിവസത്തേക്ക്  വെടിനിര്‍ത്തലാകാമെന്ന് സൗദി വ്യക്തമാക്കിയിരുന്നു.

യുഎസിന്റെ പിന്തുണയോടെ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന ഹൂതികള്‍ക്കും മുന്‍ പ്രസിഡന്റ് അലി അബ്ദുല്ല സാലിഹിനോട് ആഭിമുഖ്യം പുലര്‍ത്തുന്ന സൈനികര്‍ക്കും നേരെ വ്യേമാക്രമണം നടത്തിവരുകയാണ്. പ്രസിഡന്റ് മന്‍സൂര്‍ ഹാദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കൊണ്ടുവരുക എന്നതാണ് ലക്ഷ്യം. കഴിഞ്ഞ ദിവസം യമനിലെ നൂറ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടു 130 തവണയാണു സൌദി വ്യോമാക്രമണം നടത്തിയത്.

കഴിഞ്ഞയാഴ്ച സൗദി അതിര്‍ത്തിയില്‍ ഹൂതി വിമതര്‍ നടത്തിയ ആക്രമണങ്ങള്‍ക്കുള്ള മറുപടിയായിരുന്നു സൗദി സഖ്യസേനയുടെ ഈ തിരിച്ചടി. തുടര്‍ച്ചയായുള്ള വ്യോമാക്രമണത്തില്‍ നൂറ് കണക്കിന് വിമത കേന്ദ്രങ്ങള്‍ തരിപ്പണമായി. വിമതര്‍ സൈന്യത്തില്‍ നിന്നും തട്ടിയെടുത്ത വാഹനങ്ങളും ആയുധ ശാലകളും ആക്രമണത്തില്‍ തകര്‍ന്നു. പ്രദേശത്തെ സാധാരക്കാരോട് ഒഴിഞ്ഞു പോകാന്‍ നിര്‍ദേശം നകിയ ശേഷമായിരുന്നു സഖ്യ സേന ആക്രമണം ശക്തമാക്കിയത്. എന്നാല്‍ ജനങ്ങളെ ഒഴിഞ്ഞ് പോകാന്‍ അനുവദിക്കാതെ അവരെ മുന്നില്‍ നിര്‍ത്തി പോരാടുന്ന രീതിയായിരുന്നു വിമതര്‍ നടത്തിയത്.

സൗദിയുടെ നേതൃത്വത്തിലുള്ള ആക്രമണത്തില്‍ 1300 പേര്‍ കൊല്ലപ്പെടുകയും വീടുകളും സ്ഥാപനങ്ങളും തകരുകയും ഭക്ഷണത്തിനും മരുന്നിനും കടുത്ത ക്ഷാമം ഉണ്ടാകുകയും ചെയ്ത സാഹചര്യത്തില്‍ രാജ്യാന്തര സമൂഹത്തിന്റെ ആശങ്ക ശക്തിപ്പെട്ടിരുന്നു. പുറത്തുകടക്കാന്‍ മാര്‍ഗമില്ലാതെ സാദയില്‍ ജനം അകപ്പെട്ടിരിക്കുകയാണെന്ന് യുഎന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഹൂതി വിമതര്‍ക്കെതിരെ സൗദി സഖ്യ സേന നടത്തിയ ആക്രമണതെ എതിര്‍ത്ത് കൊണ്ട് ഇറാന്‍ വീണ്ടും രംഗത്തെത്തി. രാജ്യത്തിന്റെ സാഹചര്യവും അവസ്ഥയും മനസിലാക്കാതെയാണ് സൗദി പെരുമാറുന്നതെന്നാണ് ഇറാന്‍ പറയുന്നത്. അതേസമയം കരയുദ്ധത്തിന് തങ്ങള്‍ ഒരുങ്ങിയേക്കാമെന്നാണ് സൗദി വ്യക്തമാക്കുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക