നാമിനെ വധിക്കാൻ ഉപയോഗിച്ച കൊടും വിഷത്തെക്കുറിച്ച് കൂടുതലറിഞ്ഞാല്‍ ഞെട്ടും; 5000 ടൺ ‘വിഎക്സ്’ അവരുടെ കൈയിലുണ്ട്!

ശനി, 25 ഫെബ്രുവരി 2017 (14:54 IST)
ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ അർധസഹോദരൻ കിം ജോങ് നാമിനെ വധിക്കാൻ ഉപയോഗിച്ച മാരക വിഷമായ ‘വിഎക്സ്’ കൂട്ടക്കൊലയ്‌ക്ക് ഉപയോഗിക്കുന്നത്. ഐക്യരാഷ്ട്ര സംഘടന അതീവ വിനാശകാരിയായ രാസായുധങ്ങളുടെ കൂട്ടത്തിൽ പെടുത്തിയിട്ടുള്ളതാണ് ഈ വിഷം.

മലേഷ്യന്‍ അധികൃതര്‍ വെള്ളിയാഴ്ച പുറത്തു വിട്ട പ്രാഥമിക റിപ്പോര്‍ട്ടിലാണ് നാമിനെ വധിക്കാന്‍ വിഎക്സ് ആണ് ഉപയോഗിച്ചിരിക്കുന്നതെന്ന സ്ഥിരീകരണമുണ്ടായത്. വളരെ ചെറിയ അളവില്‍ ശരീരത്തില്‍ എവിടെയെങ്കിലും പുരട്ടിയാല്‍ പോലും മരണം സംഭവിച്ചേക്കാവുന്ന രാസവസ്തുവാണ് ഇത്.

രുചിയും മണവുമില്ലാത്ത വിഎക്സ് വിഷം ശരീരത്തില്‍ പുരട്ടിയാല്‍ നാഡീവ്യൂഹത്തെ ബാധിക്കുകയും മിനിറ്റുകൾക്കുള്ളിൽ മരണം ഉറപ്പാണ്. ത്വക്കിലും കണ്ണിലും പുരണ്ടാലും ശരീരത്തിലെത്തും. ആവിയായി ശ്വസിക്കുകയാണെങ്കിൽ നിമിഷനേരം കൊണ്ട് മരണമെത്തും. എണ്ണ പോലുള്ള ദ്രാവകരൂപത്തിലാണ് ഈ വിഷം വെള്ളത്തിൽ കലർത്താവുന്നതുമാണ്.

ഫെബ്രുവരി13ന് ക്വാലലംപൂര്‍ വിമാനത്താവളത്തില്‍വെച്ചാണ് കിം ജോങ് നാമ് കൊല്ലപ്പെട്ടത്. ഇന്തൊനേഷ്യയില്‍ നിന്നും വിയറ്റ്‌നാമില്‍ നിന്നുമുള്ള രണ്ട് യുവതികള്‍ വിഷപദാര്‍ത്ഥം നാമിന്റെ മുഖത്തും തലയിലും പുരട്ടുകയായിരുന്നു.  നാമിന്റെ മുഖത്തു വിഷംതേച്ച യുവതികളിലൊരാൾക്കും ശാരീരികാസ്വാസ്ഥ്യമുണ്ടാകുകയും ചെയ്‌തു.

സംഭവത്തിനു പിന്നാലെ അറസ്റ്റിലായ രണ്ടു സ്‌ത്രീകളും ഇവർ ഇപ്പോൾ ചികിൽസയിലാണ്. നാമിനെ ഇവര്‍ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഉത്തരകൊറിയന്‍ ചാരസംഘടനയാണ് കൊല നടത്തിയതെന്നാണ് ദക്ഷിണകൊറിയയുടെ ആരോപണം.

ഉത്തര കൊറിയയുടെ ആയുധ ശേഖരത്തിന്റെ വ്യാപ്തി തെളിയിക്കുന്നതാണ് നാമിന്റെ കൊലപാതകം. ലോകത്ത് ഏറ്റവും കൂടുതൽ രാസായുധ ശേഖരമുള്ള മൂന്നാമത്തെ രാജ്യമാണ് ഉത്തര കൊറിയ. അതിമാരക വിഷമായ സരിനും വിഎക്സുമാണു കൊറിയയുടെ ശേഖരത്തിൽ ഏറ്റവും കൂടുതലുള്ളത്. വിഎക്സ് മാത്രം 5000 ടൺ ഉത്തര കൊറിയയുടെ പക്കലുണ്ടെന്നു ദക്ഷിണ കൊറിയ പറയുന്നു.

വെബ്ദുനിയ വായിക്കുക