കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ താലിബാന്‍ ഭീകരര്‍ കല്ലെറിഞ്ഞു കൊന്നു
വീട്ടുകാര്‍ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചതിനു ശേഷം കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ താലിബാന്‍ ഭീകരര്‍ കല്ലെറിഞ്ഞുകൊന്നു. ഒരാഴ്ച മുൻപ് അഫ്ഗാനിസ്ഥാനിലെ ഗാൽമീനിലാണ് സംഭവം. റോക്സഹാനയെന്നാണ് പെൺകുട്ടിയുടെ പേരെന്ന് കണ്ടെത്തിയിട്ടുണ്ട്.
താലിബാനാണ് റോക്സഹാനയെ കല്ലെറിഞ്ഞ് കൊലപ്പെടുത്തിയതെന്ന് ഗവർണർ സീമ ജോയെങ്ക പറഞ്ഞു. പ്രാദേശിക മതനേതാക്കളും ഇതിന് കൂട്ടുനിന്നു. അവളെ ഇഷ്ടമല്ലാത്ത ഒരാൾക്ക് വിവാഹം കഴിച്ചുനൽകിയെന്നും അതാണ് അവൾ ഒളിച്ചോടിയതിനു പിന്നിലെ കാരണമെന്നും റോക്സഹാനയുടെ കുടുംബം പറഞ്ഞതായും ഗവർണർ പറഞ്ഞു.
പെണ്‍കുട്ടിയെ കല്ലെറിഞ്ഞു കൊല്ലുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. 19നും 21നും ഇടയിൽ പ്രായമുള്ള ഒരു പെൺകുട്ടിയെ ഒരു കൂട്ടം ആളുകൾ കല്ലെറിയുന്നതിന്റെ വിഡിയോയാണ് പുറത്തുവന്നത്. 30 സെക്കന്റോളം നീണ്ടുനിൽക്കുന്ന വിഡിയോയിൽ ഈ നടപടി ഇസ്‌ലാം വിശ്വാസത്തെ അടിസ്ഥാനമാക്കിയാണെന്നും വ്യക്തമാക്കുന്നു. വിഡിയോയുടെ ആധികാരികത പ്രാദേശിക അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്.