പാക്ക് സൈന്യം തിരിച്ചടി തുടങ്ങി; നേരിടുമെന്ന് നവാസ് ഷെരീഫ്
ബുധന്‍, 17 ഡിസംബര്‍ 2014 (14:52 IST)
താലിബാന്‍ തീവ്രവാദികള്‍ പാക്കിസ്ഥാനിലെ പെഷാവറിലെ സൈനിക സ്കൂളില്‍ നടത്തിയ കൂട്ടക്കുരുതിക്ക് പകരമായി പാക്ക് സൈന്യം തിരിച്ചടി തുടങ്ങി. ഇത്തരത്തിലുള്ള നീചമായ ചെയ്തികള്‍ തീവ്രവാദികള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ നിന്നും സര്‍ക്കാരിനെ ഒട്ടും പിന്തിരിപ്പിക്കില്ലെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്.
തീവ്രവാദം പൂര്‍ണമായി അവസാനിപ്പിക്കാനുള്ള ‘ഓപറേഷന്‍ സാര്‍ബെ അസബ്’ കൂടുതല്‍ ശക്തിയോടെ മുന്നോട്ട് പോകുമെന്നും. താലിബാന് എതിരായ സൈനിക നടപടി ഇതു കൊണ്ട് അവസാനിക്കില്ലെന്നും നവാസ് ശെരീഫ് വ്യക്തമാക്കി. ഇക്കാര്യത്തില്‍ അഫ്ഗാനിസ്താനുമായുള്ള സഹകരണം നിലനിര്‍ത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം താലിബാന്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി പാക്ക് സൈന്യം ആക്രമം അഴിച്ചു വിട്ടു. താലിബാന്‍ കേന്ദ്രങ്ങളായ ഗോത്ര മേഖലകളില്‍ ഇന്ന് സൈന്യം ഹെലികോപ്‌റ്റര്‍ ഉപയോഗിച്ച് ആക്രമണം നടത്തി. തീവ്രവാദി കേന്ദ്രങ്ങളില്‍ മൂന്ന് തവണ ചെറു ബോബുകള്‍ വര്‍ഷിച്ചതായും റിപ്പോര്‍ട്ട് ഉണ്ട്. ആക്രമണത്തില്‍ നിരവധി തീവ്രവാദികള്‍ കൊല്ലപ്പെട്ടതായാണ് സൈന്യം പറയുന്നത്.
ചൊവ്വാഴ്ച് പെഷാവറിലെ സൈനിക സ്കൂളില്‍ താലിബാന്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 125 കുട്ടികളടക്കം 145 പേരോളം കൊല്ലപ്പെട്ടിരുന്നു. 250ലധികം പേര്‍ ഇപ്പോഴും ആശുപത്രിയിലാണ്. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യത ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.