സിറിയയില്‍ അലപ്പോ ആശുപത്രിക്ക് നേരെ വ്യോമാക്രമണം; ഇരുപത്തിയേഴു പേര്‍ മരിച്ചു

വെള്ളി, 29 ഏപ്രില്‍ 2016 (08:37 IST)
സിറിയയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ വേണ്ടി ഐക്യരാഷ്ട്ര സഭാ പ്രത്യേക പ്രതിനിധി സ്റ്റഫാന്‍ ജി മിസ്റ്റുറയുടെ നേതൃത്വത്തില്‍ സിറിയന്‍ സര്‍ക്കാരുമായി നടത്തിയ സമാധാന ചര്‍ച്ചയുടെ ഒന്നാം ഘട്ടം അവസാനിച്ചതിനു തൊട്ടുപിന്നാലെ സിറിയയില്‍ ആക്രമണം ശക്തമായി. അലപ്പോയിലെ ആശുപത്രിയിലുണ്ടായ വ്യോമാക്രമണത്തില്‍ 27 പേര്‍ മരിച്ചു. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാണ്  സിറിയയില്‍ ആക്രമണം കൂടുതല്‍ രൂക്ഷമായിരിക്കുന്നത്. വെടിനിര്‍ത്തല്‍ കരാറിന്റെ നഗ്നമായ ലംഘനമാണ് സിറിയയില്‍ ഇപ്പോള്‍ നടക്കുന്നതെന്ന് ഐക്യരാഷ്ട്ര സഭാ അഭിപ്രായപ്പെട്ടു.
 
സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സിന്റെ കണക്ക് പ്രകാരം അലപ്പോയിലെ കുട്ടികളുടെ ആശുപത്രിക്ക് നേരെയുണ്ടായ വ്യോമാക്രമണത്തില്‍  മൂന്ന് കുട്ടികളും മൂന്ന് ഡോക്ടര്‍മാരും ഉള്‍പ്പെടെ 27 പേരാണ് കൊല്ലപ്പെട്ടിട്ടുള്ളത്. വിമതരുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങള്‍ ഏറ്റെടുക്കാനുളള ശ്രമത്തിലാണ് സര്‍ക്കാര്‍ സൈന്യം. കഴിഞ്ഞ ആറ് ദിവസത്തിനിടെ 148  പേരാണ് സിറിയയില്‍ കൊല്ലപ്പെട്ടത്
 
മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ ഹൈ നെഗോഷിയേഷന്‍ കമ്മിറ്റി സമാധാന ചര്‍ച്ച ബഹിഷ്കരിച്ചിരുന്നു. അതിനിടെ  രണ്ടാംഘട്ട ചര്‍ച്ച സുഗമമായി മുന്നോട്ട് കൊണ്ടുപോകാന്‍ മിസ്റ്റുറ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെയും റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്റെയും സഹായം തേടിയതായാണ് റിപ്പോര്‍ട്ട്.
 
 
(ചിത്രത്തിനു കടപ്പാട്: മീഡിയ വണ്‍)

വെബ്ദുനിയ വായിക്കുക