ഈ വരുന്ന ഡിസംബര്‍ 21 മുതല്‍ ആറു ദിവസത്തേക്ക് ഭൂമി മുഴുവന്‍ ഇരുള്‍ വ്യാപിക്കും. പ്രപഞ്ചത്തിലുണ്ടാവുന്ന സൂര്യക്ഷോഭത്തിന്റെ പ്രതിഫലനമായാണ് ഇത് സംഭവിക്കുക. ഇങ്ങനെയൊരു സൂര്യക്ഷോഭം കഴിഞ്ഞ 50 വര്‍ഷത്തിനു ശേഷമുള്ള ഏറ്റവും വലുതാണെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ജനങ്ങളോട് പരിഭ്രാന്തരാവരുതെന്ന് നാസ മുന്നറിയിപ്പ് നല്‍കിയിരിക്കയാണ്. വേണ്ടത്ര വെളിച്ചവും ഭക്ഷണവും കരുതിവെക്കാനും അമേരിക്കന്‍ സ്പേസ് ഏജന്‍സി മുന്നറിയിപ്പ് നല്‍കി.
വായിച്ച് ഞെട്ടിയൊ? ആദ്യമേ തന്നെ പറയട്ടെ ഇതൊരു വ്യാജ വാര്‍ത്തയാണ്. കാരണം ഭൂമിയില്‍ ആറുദിവസത്തേക്ക് സൂര്യനുദിക്കില്ലെന്ന് പറഞ്ഞ് പ്രചരിക്കുന്ന വാര്‍ത്ത നാസ നിഷേധിച്ചിട്ടുണ്ട്. നാസയുടെയും യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെയും സംയുക്ത അറിയിപ്പെന്ന പേരിലാണ് ഈ വ്യാജ മുന്നറിയിപ്പ് പ്രചരിച്ചത്. ഹസ്ലേഴ്‍സ് ഡോട്ട് കോം എന്ന എന്റര്‍ടെയ്‍ന്‍മെന്റ് വെബ്സൈറ്റില്‍ തമാശയായി നല്‍കിയ വ്യാജ വാര്‍ത്തയാണ് നെറ്റ് ലോകത്ത് വ്യാപകമായി പ്രചരിക്കപ്പെട്ടത്.
ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന രൂപത്തില്‍ നാസയുടെ തലവന്‍ ചാള്‍സ് ബോള്‍ഡന്റേതായി പ്രചരിക്കുന്ന യൂട്യൂബ് വീഡിയോ ഇപ്പോഴും ഇന്റര്‍നെറ്റില്‍ വൈറലാവുകയാണ്. നാസയുടെ തലവന്‍ ചാള്‍സ് ബോള്‍ഡന്‍ പൊതുജനങ്ങളോട് നല്‍കുന്ന മുന്നറിയിപ്പ് എന്ന രീതിയിലാണ് വെബ്സൈറ്റില്‍ വാര്‍ത്ത വന്നത്. സംഭവം വ്യാപകമായി പ്രചരിക്കപ്പെട്ടതോടെയാണ് നാസ നിഷേധക്കുറിപ്പുമായി രംഗത്തെത്തിയത്.
വാര്‍ത്തയില്‍ ഇത് കേവലമൊരു പ്രകൃതി പ്രതിഭാസം മാത്രമാണെന്നും ലോകാവസാനമല്ലെന്നും നാസ സ്ഥിരീകരിക്കുന്നു എന്നും ഇത് സ്വാഭാവികമായി സംഭവിക്കുന്ന സൌരയൂഥ പ്രതിഭാസമാണെന്നു പറയുന്നു. ഗ്രഹങ്ങള്‍ ഒരുമിച്ച് ചേര്‍ന്ന് സൂര്യനെ മറയുന്നതു മൂലം ഭൂമിയിലേക്ക് പ്രകാശം എത്താതിരിക്കുകയാണെന്നും ഒക്കെയാണ് എഴുതി പിടിപ്പിച്ചിരുന്നത്. സംഗതി വിവാദമായതോടെ ഹസ്‍ലേഴ്സ് ഡോട്കോം ഒരു തമാശ പോര്‍ട്ടലാണെന്നും അതില്‍ പ്രചരിക്കുന്ന വാര്‍ത്തകളെ കാര്യമാക്കേണ്ടതില്ലെന്നും പോര്‍ട്ടലിന്റെ അധികാരികള്‍ തന്നെ വാര്‍ത്താ കുറിപ്പിറക്കി തടിതപ്പി.