ലോകത്തില്‍ ഏറെ ചര്‍ച്ചയായേക്കാവുന്ന അവയവമാറ്റ ശസ്ത്രക്രിയാ രംഗത്ത് പുതിയ മാറ്റങ്ങള്‍ ഒരുക്കി ദക്ഷിണാഫ്രിക്കയില്‍ ലിംഗം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയമായി. പരമ്പരാഗത പരിഛേദന കര്‍മത്തിനിടെ ലിംഗം വേര്‍പെട്ടു പോയ ഇരുപത്തിയൊന്നുകാരനായ ദക്ഷിണാഫ്രിക്കന്‍ യുവാവിനാണ് വിജയകരമായി ലിംഗം മാറ്റിവച്ചത്. സംഭവം ഇതിനോടകം ചര്‍ച്ചയായിട്ടുണ്ട്. ഗോത്രവര്‍ഗക്കാര്‍ ഏറെയുള്ള ദക്ഷിണാഫ്രിക്കയില്‍ പരമ്പരാഗത പരിഛേദന കര്‍മത്തിനിടെ ഇത്തരത്തില്‍ ലിംഗം മുറിഞ്ഞുപോകുന്നവര്‍ നിരവധിയാണ്, ഇത്തരക്കാര്‍ക്ക് ആശ്വാസമാകുന്ന വിജയമാണ് ഇപ്പോള്‍ ദക്ഷിണാഫ്രിക്കയില്‍ ഉണ്ടായിരിക്കുന്നത്.
കേപ്ടൌണിലുള്ള ടൈഗര്‍ബെര്‍ഗ് ആശുപത്രിയും സ്റ്റെല്ലന്‍ബോഷ് സര്‍വകലാശാലയും ചേര്‍ന്ന് നടത്തിയ പഠനത്തിന്റെ ഭാഗമായിരുന്നു ശസ്ത്രക്രിയ. ഒന്‍പതു മണിക്കൂര്‍ നീണ്ടു നിന്ന ശസ്ത്രക്രിയയ്ക്ക് വിധേയനായ യുവാവ് ലൈംഗികശേഷി പൂര്‍ണമായും വീണ്ടെടുത്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. എന്നാല്‍ ഇയാള്‍ക്കുള്ള ലിംഗം എങ്ങനെ ആരില്‍ നിന്ന് കണ്ടെത്തി എന്ന ചോദ്യങ്ങള്‍ക്ക് ഡോക്ടര്‍മാര്‍ മറുപടിപറഞ്ഞിട്ടില്ല. മരണശേഷം മാത്രമേ അവയവങ്ങള്‍ മാറ്റിവയ്കാന്‍ സാധിക്കു എന്നതിനാല്‍ ഇതില്‍ വിശദാംശങ്ങള്‍ നല്‍കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായിട്ടില്ല.