ചൊവ്വയില്‍ വച്ച് എടുത്ത കിടിലന്‍ സെല്‍ഫി നാസയുടെ പര്യവേക്ഷണ വാഹനമായ ക്യൂരിയോസിറ്റി അയച്ചു. ചിത്രം നാസ പുറത്തുവിട്ടിട്ടുണ്ട്. ഇതിന് മുമ്പ് ക്യൂരിയോസിറ്റി എടുത്തിട്ടുള്ള സെല്‍ഫികളില്‍ നിന്നെല്ലാം വ്യത്യസ്തമാണ് പുതിയ ചിത്രം. നേരത്തെ വന്നതു മുഴുവന്‍ താഴ്ന്ന ആംഗിളുകളില്‍ നിന്നുള്ളതാണെങ്കില്‍ ഇത്തവണ പുറത്തുവന്നത് കുറച്ചുകൂടി വ്യത്യസ്ഥമാണ്.
തന്റെ രണ്ടുമീറ്റര്‍ നീളമുള്ള യന്ത്രക്കരമുപയോഗിച്ചാണ് സെല്‍ഫിയെടുത്തത്. ഒറ്റ ചിത്രമല്ല, 92 ദൃശ്യങ്ങള്‍ തുന്നിച്ചേര്‍ത്താണ് പുതിയ സെല്‍ഫി തയ്യാറാക്കിയത്. വിശകലനം ചെയ്യാന്‍ 'ബക്ക്‌സ്‌കിന്‍' ( Buckskin ) പാറ തുരക്കുന്നതിനിടെയാണ് ക്യൂരിയോസിറ്റി ഈ സെല്‍ഫിയെടുത്തത്. ഇത് ഏഴാമത്തെ പാറയാണ് ക്യൂരിയോസിറ്റി തുരക്കുന്നത്.
ഗ്രഹപ്രതലത്തില്‍ മൗണ്ട് ഷാര്‍പ്പിലുള്ള മരിയാസ് പാസ് പ്രദേശത്തുള്ളതാണ് ഈ പാറ. ഈ സ്ഥലത്തിന്റെ ദൃശ്യമാണ് സെല്‍ഫിയിലുള്ളത്. പാറ തുരന്ന് സാമ്പിളുകള്‍ ശേഖരിക്കുന്ന വേളയിലാണ് ഈ ദൃശ്യങ്ങള്‍ ക്യൂരിയോസിറ്റി പകര്‍ത്തിയത്. ഈ ദൃശ്യങ്ങളെല്ലാം കൂട്ടിച്ചേര്‍ത്ത് ഉണ്ടാക്കിയതാണ് പുതിയ സെല്‍ഫി. ഏതായാലും കാണാന്‍ ബഹുജോറായിട്ടുണ്ട്.