2011ലെ അറബ് വിപ്ലവത്തിന്‍റെ ഭാഗമായി കുട്ടികള്‍ക്കൊപ്പം സൈക്കിള്‍ റാലി നടത്തിയ കൗമാരക്കാരന് വധശിക്ഷ നല്‍കാനൊരുങ്ങി സൗദി അറേബ്യ. അറസ്റ്റിലാകുമ്പോൾ 13 വയസ്സ് മാത്രമുണ്ടായിരുന്ന മുർതസ ഖുറൈസിസിനാണ് പ്രായപൂർത്തിയായ ശേഷം സൗദി വധശിക്ഷ നൽകാനൊരുങ്ങുന്നത്. കുടുംബത്തോടൊപ്പം യാത്ര ചെയ്യവേ 13ആം വയസ്സിലാണ് മുര്‍തസ ഖുറൈസിസ് അറസ്റ്റിലായത്. 2015മുതൽ ജയിലിൽ കഴിയുന്ന മുര്‍തസ അന്വേഷണ ഏജൻസികളുടെ ക്രൂരമര്‍ദ്ദനത്തിന് ഇരയായിട്ടുണ്ടെന്നാണ് മനുഷ്യാവകാശ സംഘടനകളുടെ റിപ്പോര്‍ട്ട്.
2015ൽ കുടുംബത്തോടൊപ്പം ബഹ്റൈനിലേയ്ക്ക് യാത്ര ചെയ്യുമ്പോള്‍ സൗദി അറേബ്യൻ അതിര്‍ത്തിയിൽ വെച്ചാണ് മുര്‍തസ പിടിയിലായത്. ദമാമിലെ ജുവനൈൽ ജയിലിൽ കഴിഞ്ഞു വന്നിരുന്ന മുര്‍തസയ്ക്ക് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടത്. രാജ്യവിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുത്തു എന്നതായിരുന്നു കുറ്റം. 2018ൽ മാത്രമായിരുന്നു ജയിലിൽ കഴിയുന്ന മുര്‍തസയ്ക്ക് അഭിഭാഷകനെ അനുവദിക്കാൻ സൗദി തയ്യാറായത്.
മുര്‍തസയ്ക്ക് പുറമെ അറബ് പ്രക്ഷോഭത്തിൽ പങ്കെടുത്തതിന് പ്രായപൂര്‍ത്തിയാകുന്നതിന് മുൻപ് അറസ്റ്റിലായ അലി അൽ നിമ്ര്‍, അബ്ദുള്ള അൽ സഹീര്‍, ദാവൂദ് അൽ മര്‍ഹൂൻ എന്നീ കുട്ടികളും വധശിക്ഷ കാത്തിരിക്കുന്നുണ്ട്. 18 വയസ്സിന് മുൻപ് ചെയ്ത കുറ്റത്തിന് അബ്ദുള്‍ കരീം അൽ ഹവാജ്, മുജ്തബ, സൽമാൻ അൽ ഖുറൈശ് എന്നീ യുവാക്കള്‍ക്ക് ഈ വര്‍ഷം സൗദി അറേബ്യ വധശിക്ഷ നല്‍കിയിരുന്നു.