സൌദിയിലും ഹൂതി വിമതരുടെ ആക്രമണം, ആശങ്ക ഒഴിയാതെ ഗള്‍ഫ് മേഖല
ബുധന്‍, 6 മെയ് 2015 (09:07 IST)
യമന്‍ സംഘര്‍ഷത്തിനു പിന്നാലെ മലയാളികള്‍ ഉള്‍പ്പടെയുള്ള ഇന്ത്യക്കാരെ വീണ്ടും ആശങ്കയിലാക്കി സൌദി അറേബ്യയിലും ഷിയാ വിമതരായ ഹൂതികള്‍ ആക്രമണം നടത്തി. സൗദിയിലെ നജ്‌റാനിലേക്കാണ് വിമതര്‍ ആക്രമണം നടത്തിയിരിക്കുന്നത്. ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. സൗദി-യെമന്‍ അതിര്‍ത്തി പ്രദേശമായ നജ്‌റാനിലെ ജനസാന്ദ്രതയേറിയ പ്രദേശം ലക്ഷ്യമാക്കിയായിരുന്നു ഹൂദികളുടെ ആക്രമണം. ഹൂതികളുടെ റോക്കറ്റ് വര്‍ഷവും മോര്‍ട്ടാര്‍ ഷെല്ലാക്രമണവും മൂലം അതിര്‍ത്തിമേഖലയായ നജ്‌റാനിലേക്കുള്ള വിമാന സര്‍വീസുകള്‍ സൗദി റദ്ദാക്കി.
മലയാളികള്‍ ഉള്‍പ്പടെയുള്ള ഇന്ത്യക്കാര്‍ ധാരാളം ഉള്ള പ്രദേശമാണ് നജ്‌റാന്‍, സൗദി സമയം ഇന്നലെ രാവിലെ 11നാണ് ആക്രമണം തുടങ്ങിയത്. നജ്‌റാനില്‍ നുഴഞ്ഞുകയറിയ ഹൂദികള്‍ സര്‍ക്കാര്‍ സ്‌ഥാപനങ്ങളും ജനവാസ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ഷെല്ലുകള്‍ വര്‍ഷിച്ചു. വിമതര്‍ അഞ്ച് സൌദി സൈനികരെ പിടികൂടിയതായും വാര്‍ത്തകളുണ്ട്. സൌദിയിലെ ഗോത്ര നേതാക്കളാണ് ഇക്കാര്യം പറയുന്നത്. എന്നാല്‍ സൌദി ഔദ്യോഗികമായ സ്ഥിരീകരം നല്‍കിയിട്ടില്ല. റോഡരികില്‍ കാറുകള്‍ കത്തിയെരിയുന്നതിന്റെയും വീടുകളില്‍ നിന്നു പുക ഉയരുന്നതിന്റെയും ദുശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.
മേഖലയിലെ സ്‌കൂളുകള്‍ അടക്കം അടച്ചിട്ടിരിക്കുകയാണ്. നിരവധി കെട്ടിടങ്ങളും തകര്‍ന്നു. ഇറാന്‍ പിന്തുണയുള്ള ഹൂതികള്‍ക്കും സഖ്യകക്ഷികള്‍ക്കും യെമന്‍ മുന്‍ പ്രസിഡന്റ് അലി അബ്‌ദുള്ള സലേയെ പിന്തുണയ്‌ക്കുന്ന സൈനിക കൂട്ടുകെട്ടുകള്‍ക്കുമെതിരേ സൗദിയുടെ നേതൃത്വത്തില്‍ വ്യോമാക്രമണം നടത്തുന്നതിനുള്ള പ്രതികാരമാണ് സൌദിയില്‍ ഹൂതികള്‍ ആക്രമണം നടത്തിയത്. പുറത്താക്കപ്പെട്ട യെമന്‍ മുന്‍ പ്രസിഡന്റ് ആബ്‌ദ് റബ്ബൂ മണ്‍സൂര്‍ ഹാദിയെ പിന്തുണയ്‌ക്കുന്ന സൗദി ഇക്കഴിഞ്ഞ മാര്‍ച്ച് 26 നാണ് യെമന്‍ വിമതര്‍ക്കെതിരേ ആക്രമണം തുടങ്ങിയത്. ഇവിടെ നിന്ന് ഇന്ത്യ 5000ത്തോളം ഇന്ത്യാക്കാരെ ഒഴിപ്പിച്ചിരുന്നു.