മാസങ്ങളായി സംഘര്‍ഷം നടക്കുന്ന കിഴക്കന്‍ ഉക്രൈനിലെ അതിര്‍ത്തിയിലേക്ക് റഷ്യന്‍സേനയുടെ 90ഓളം ദുരിതാശ്വാസ വാഹനങ്ങള്‍ അതിക്രമിച്ച് കടന്നെന്ന് ഉക്രൈന്‍. തങ്ങളുടെ അനുവാദമില്ലാതെയാണ് വാഹനങ്ങള്‍ പ്രവേശിച്ചതെന്നും. വാഹനങ്ങള്‍ സൈനിക ആയുധങ്ങള്‍ വഹിച്ചാണ് അതിര്‍ത്തി ലംഘിച്ചതെന്നുമാണ് ഉക്രൈന്‍ വ്യക്തമാക്കുന്നത്.
കിഴക്കന്‍ ഉക്രൈനിലേക്ക് രണ്ടാഴ്ച മുമ്പാണ് റഷ്യന്‍ വാഹനങ്ങള്‍ തിരിച്ചത്. സൈനികനീക്കം നടത്തുന്നതിനാണ് റഷ്യയുടെ പദ്ധതിയെന്നും വാഹനവ്യൂഹത്തെ അതിര്‍ത്തിയില്‍ തടയുമെന്നും പ്രഖ്യാപിച്ച ഉക്രൈന്‍ അതിര്‍ത്തിയില്‍ വാഹനങ്ങള്‍ തടയുകയായിരുന്നു.
400 വാഹനങ്ങളാണ് മോസ്കോയില്‍നിന്ന് ഉക്രൈനിലേക്ക് പുറപ്പെട്ടത്. ഇതില്‍ 90 എണ്ണം വെള്ളിയാഴ്ച അതിര്‍ത്തി കടന്ന് കിഴക്കന്‍ ഉക്രൈനില്‍ പ്രവേശിച്ചിരിക്കുകയാണ്. റഷ്യന്‍ അനുകൂല വിമതരുടെ നിയന്ത്രണത്തിലുള്ള ഡോണെറ്റ്സ്കിലെ സംഘര്‍ഷബാധിത മേഖലകള്‍ ലക്ഷ്യമാക്കിയാണ് വാഹനങ്ങള്‍ നീങ്ങുന്നതെന്ന് വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.