എല്ലാവരേയും തൃപ്തിപ്പെടുത്താന്‍ കഴിയില്ലെന്ന് നേപ്പാള്‍, അംബാസിഡറെ ഇന്ത്യ തിരികെ വിളിച്ചു

ചൊവ്വ, 22 സെപ്‌റ്റംബര്‍ 2015 (12:08 IST)
മതനിരപേക്ഷ ജനാധിപത്യ ബഹുവംശീയ രാജ്യമായി  പ്രഖ്യാപിക്കുന്ന ഭരണഘടന നിലവില്‍ വന്നതിനു പിന്നാലെ നേപ്പാളിലെങ്ങും കനത്ത പ്രതിഷേധം. പ്രതിഷേധം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നതായാണ് വിവരം. രാജ്യത്തെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്നുള്ള ആവശ്യക്കാരും രാജ്യത്തെ ഏഴ് പ്രവിശ്യകാളായി തിരിച്ചതിനെതിരെയുമുള്ള വികാരവുമാണ് സംഘര്‍ഷത്തിനു കാരണം.

എന്നാൽ വംശീയ ന്യൂനപക്ഷങ്ങളുടെ സാന്നിദ്ധ്യം കൊണ്ട് വൈവിദ്ധ്യമാർന്ന നേപ്പാളിൽ എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന തീരുമാനങ്ങളെടുക്കാനാവില്ലെന്നാണ് നേപ്പാളിന്റെ പക്ഷം. അതേസമയം നേപ്പാളിലെ സംഘര്‍ഷങ്ങളില്‍ ഇന്ത്യ ആശങ്ക അറിയിച്ചു. ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലെ സംഘർഷങ്ങളാണ് ഇന്ത്യയുടെ ആശങ്കക്ക് കാരണം.

ഈ മേഖലയിലെ പ്രശ്നങ്ങളിൽ ഇന്ത്യയുമായി ചർച്ച നടത്തണമെന്നും സ്ഥാനപതി മുഖേന അറിയിച്ചിട്ടുണ്ട്. വ്യത്യസ്ത അഭിപ്രായമുള്ള വിഷയങ്ങളിൽ ഭയപ്പെടുത്തലും അക്രമവുമില്ലാത്ത ചുറ്റുപാടിൽ ചർച്ച നടത്തണമെന്നും ഇന്ത്യ നിർദ്ദേശിക്കുന്നു. ഇന്ത്യയുടെ ഉത്കണ്ഠ നേപ്പാൾ പ്രധാനമന്ത്രിയെ അറിയിച്ചതായി സ്ഥാനപതി രഞ്ജിത്ത് റേയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

ഭരണഘടനയുടെ കരട് ച‌ർച്ചക്കെത്തിയപ്പോൾ തന്നെ പ്രതിഷേധം ശക്തമായതിനെ തുടർന്ന് നേപ്പാൾ ഭരണനേതൃത്വവുമായി ചർച്ച നടത്താൻ വിദേശ കാര്യ സെക്രട്ടറി എസ്.ജയ്ശങ്കറിനെ കഴിഞ്ഞയാഴ്ച ഇന്ത്യ അയച്ചിരുന്നു. ന്യൂനപക്ഷ -ഭൂരിപക്ഷ താൽപര്യങ്ങൾ സംരക്ഷിച്ചു കൊണ്ടു മാത്രമേ ഭരണഘടന പ്രഖ്യാപിക്കാവൂ എന്ന് ഇന്ത്യ അറിയിച്ചിരുന്നു.

എന്നാല്‍ ഇത് തള്ളിക്കളഞ്ഞുകൊണ്ടാണ് നേപ്പാള്‍ പുതിയ ഭരണഘടന പ്രഖ്യാപിച്ചത്. ഇതില്‍ പ്രതിഷേധിച്ച് നേപ്പാളിലെ ഇന്ത്യന്‍ സ്ഥാനപതി രഞ്ജിത്ത് റേയെ തിരികെ വിളിച്ചിരുന്നു. ഹിന്ദു വികാരത്തിന് പ്രാധാന്യം കൊടുക്കുന്നതാണ് ഭരണഘടനയെന്ന് ഇന്ത്യയിലെ നേപ്പാൾ അംബാസഡർ ദീപ് കുമാർ ഉപാദ്ധ്യായ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക