ചൊവ്വയില്‍ ജലസാന്നിധ്യം സ്ഥിരീകരിച്ച് നാസ, ജീവന്റെ തുടിപ്പുകളില്‍ പ്രതിക്ഷയോടെ ശാസ്ത്രലോകം
ചൊവ്വ, 29 സെപ്‌റ്റംബര്‍ 2015 (07:48 IST)
ചൊവ്വയിൽ ജലസാന്നിധ്യമുണ്ടെന്ന് നാസ. ചെവ്വയുടെ ഉപരിതലത്തിൽ വെള്ളമൊഴുകുന്നതിന് തെളിവുകൾ കണ്ടെത്തി. നാസയിലെ മുതിർന്ന ശാസ്ത്രഞ്ജരുടെതാണ് കണ്ടെത്തൽ. ലവണാംശമുള്ള ജലം ചൊവ്വയില്‍ ഒഴുകുന്നതിന് തെളിവുണ്ടെന്നും നാസ അറിയിച്ചു. ഇതോടെ അവിടെ ജീവനുണ്ടാകാനുള്ള സാധ്യത തള്ളാനാവില്ലെന്നാണ് നാസയുടെ നിലപാട്.
ചൊവ്വയുടെ പ്രതലത്തില്‍ ലവണാംശമുള്ള വെള്ളം ഇടയ്ക്കിടെ ഒഴുകുന്നതിന് തെളിവുണ്ടെന്നാണ് നാസയുടെ കണ്ടെത്തല്‍. ചൊവ്വയില്‍ ഉപ്പ് നിറഞ്ഞ കുന്നുകളുണ്ടെന്ന് നാസയുടെ ഉപഗ്രഹ ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. ഈ തണുത്തുറഞ്ഞ ഉപ്പുമലകള്‍ക്ക് ഖരാവസ്ഥ നഷ്ടപ്പെടുകയോ ബാഷ്പീകരിക്കപ്പെടുകയോ ചെയ്യുന്ന സമയത്താകാം വെള്ളമൊഴുകുന്ന അവസ്ഥയുണ്ടാകുന്നതെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം.
എന്ന് മാത്രമല്ല പണ്ട് ചൊവ്വയില്‍ ഒരു വലിയ കടലുണ്ടായിരുന്നു എന്നതിന്റെ തെളിവുകളും വാഷിംഗ്ടണിലെ നാസാ ആസ്ഥാനത്ത് നടത്തിയ വാ!ര്‍ത്താസമ്മേളനത്തില്‍ ശാസ്ത്രജ്ഞര്‍ വിശദീകരിച്ചു. പീന്നീട് ഈ കടല്‍ വറ്റി. പക്ഷെ കാരണം തല്‍ക്കാലം അജ്ഞാതമാണ്.
ഭൂമിക്ക് പുറത്ത് ജലസാന്നിധ്യം കണ്ടെത്തുന്ന രണ്ടാമത്തെ ഗ്രഹമാണ് ചൊവ്വ. നേരത്തെ ചന്ദ്രനിലെ ജലസാന്നിധ്യം ഇന്ത്യയുടെ ചാന്ദ്രയാന്‍ കണ്ടെത്തിയിരുന്നു. നേരത്തേയും ചൊവ്വയില്‍ ജലസാന്നിധ്യത്തിന്റെ സൂചനകള്‍ ലഭിച്ചിരുന്നു. എന്നാല്‍ ഇത്രയും ആധികാരികമായ തെളിവ് ലഭിക്കുന്നത് ആദ്യമാണ്. മനുഷ്യചരിത്രത്തിലെ വലിയ കാല്‍വയ്പ്പുകളിലൊന്നാണ് ഇത്.
ഇതോടെ ചൊവ്വയിൽ ജീവന്റെ സാന്നിധ്യമുണ്ടെന്ന വാദത്തിനു കൂടുതൽ ബലം നൽകുന്നു. ചെറിയ നീർച്ചാലുകൾ ഒഴുന്ന ദൃശ്യങ്ങളും നാസ പുറത്തു വിട്ട ചിത്രങ്ങളിൽ കാണാം. അഗാധ ഗർത്തങ്ങളും പർവതങ്ങളും വലിയ പാറക്കെട്ടുകൾ പോലുള്ള വസ്തുക്കളും കാണാം. ഇവിടെയാണ് ചെറിയ നീർച്ചാലുകളുടെ അടയാളങ്ങളുള്ളത്.
ചൊവ്വയിലിപ്പോഴും ജലത്തിന്റെ സാന്നിധ്യം ഉള്ളതുകൊണ്ട് അവിടെ ജീവന്റെ തുടിപ്പ് ഉണ്ടാകാമെന്നാണ് നാസ പറയുന്നത്. അങ്ങനെയെങ്കില്‍, കെട്ടുകഥകളെ ശരിവച്ച് ഭൂമിക്ക് പുറത്ത് ആദ്യമായി ജീവന്‍റെ സാന്നിധ്യം കണ്ടെത്തുന്ന നാള്‍ വീദൂരമാകില്ല.