അമേരിക്കയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് അഞ്ചു ദിവസം നീണ്ട യുഎസ് സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ത്യയിലേക്ക് മടങ്ങി. സന്ദര്‍ശനം വിജയകരവും സംതൃപ്തവുമായിരുന്നുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. യുഎസ് ഇന്ത്യന്‍ ബിസിനസ് കൗണ്‍സില്‍ സംഘടിപ്പിച്ച ചടങ്ങായിരുന്നു മോഡി പങ്കെടുത്ത അവസാന ഔദ്യോഗിക ചടങ്ങ്.
ഇവിടെ നിന്നും ആന്‍ഡ്രൂസ് എയര്‍ഫോഴ്‌സ് ബേസിലേക്ക് പുറപ്പെട്ട മോഡി എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലേക്ക് തിരിച്ചു. അംബാസഡര്‍ എസ് ജയ്ശങ്കര്‍, ദക്ഷിണ മധ്യ ഏഷ്യന്‍ രാജ്യങ്ങളിലെ അസിസ്റ്റന്റ് സെക്രട്ടറി നിഷ ദേശായി തുടങ്ങിയവരും മോഡിയെ എയര്‍ ബേസിലേക്ക് അനുഗമിച്ചു.