മോഡിയെ ഓസ്ട്രേലിയന്‍ പത്രം മീന്‍പിടുത്തക്കാരനാക്കി!

വെള്ളി, 14 നവം‌ബര്‍ 2014 (11:41 IST)
ജി 20 ഉച്ചകോടിക്ക് പങ്കെടുക്കാനായി ഓസ്ട്രേലിയയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ മീന്‍പിടുത്തക്കാരനായി ചിത്രീകരിക്കുന്ന പടവുമായി ഓസ്ട്രേലിയന്‍ ദിനപത്രം. ബ്രിസ്ബേനിലെ കൊറിയര്‍ മെയില്‍ പത്രമാണ് ഇത്തരത്തിലുള്ള ചിത്രം പ്രസിദ്ധീകരിച്ചത്. മോഡിയേ മാത്രമല്ല ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ നേതാക്കളെയെല്ലാം ഫാന്‍സി ഡ്രസ് വേഷത്തില്‍ മുന്‍പേജില്‍ ചിത്രീകരിച്ചാണ് ഇന്ന് പത്രം പുറത്തിറങ്ങിയത്.

ഷര്‍ട്ടിടാതെ നീന്തല്‍ വസ്ത്രമണിഞ്ഞാണ് അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയെ ചിത്രീകരിച്ചിരിക്കുന്നത്. ബിയര്‍ കാര്‍ട്ടണുകള്‍ക്കൊണ്ടുണ്ടാക്കിയ തൊപ്പിയണണിഞ്ഞ രീതിയില്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിനെയും, തോളത്തൊരു ടവ്വലുമിട്ട് നീന്താന്‍ പോകുന്ന രീതിയില്‍ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങിനെയും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയെ സര്‍ഫിങ് ലൈഫ് ഗാര്‍ഡായും ചിത്രീകരിച്ചിരിക്കുന്നു.

ഫ്രാന്‍സിന്റെ പ്രസിഡന്റ് ഫ്രാന്‍സ്വാ ഹൊളാന്റെ വൈറ്റ് വൈന്‍ കുടിക്കുന്നതായും ദക്ഷിണാഫ്രിക്കന്‍ പ്രിസിഡന്റ് ജേക്കബ് സുമ ബിയര്‍ ബോട്ടിലുമായി നില്‍ക്കുന്നതായും ചിത്രീകരിച്ചിരിക്കുന്നു. അതേസമയം പരിഹസിക്കുന്നതിനാണൊ മറ്റെന്തെങ്കിലും ഉദ്ദേശത്തോടെയാണൊ ചിത്രം പ്രസിദ്ധീകരിച്ചത് എന്ന് വ്യക്തമല്ല.

അതേസമയം ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓസ്ട്രേലിയന്‍ തലസ്ഥാനമായി ബ്രിസ്ബനിലെത്തി. കിഴക്കനേഷ്യ ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷമാണ് പ്രധാനമന്ത്രി ബ്രിസ്ബനില്‍ വിമാനമിറങ്ങിയത്.

വിദേശ രാജ്യങ്ങളില്‍ നിന്ന് രാജ്യത്തേക്ക് പണമയക്കുന്നതിനുള്ള ഭീമമായ ചാര്‍ജ് കുറക്കണമെന്ന് ഇന്ത്യ ഉച്ചകോടിയില്‍ ആവശ്യപ്പെടും. കള്ളപ്പണം തടയുന്നതിനും രാജ്യങ്ങള്‍ തമ്മില്‍ വിവരങ്ങള്‍ കൈമാറുന്നതിനും കൂടുതല്‍ നിര്‍ദേശങ്ങളും മുന്നോട്ടുവെക്കും. കൂടാതെ ലോക വികസനം, സമ്പദ് വ്യവസ്ഥയുടെ ആവിര്‍ഭാവം തുടങ്ങിയ വിഷയങ്ങളില്‍ നടക്കുന്ന ചര്‍ച്ചയിലും പ്രധാനമന്ത്രി സംസാരിക്കും.

ഉച്ചകോടിക്ക് ശേഷം ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയുമായും മറ്റു രാഷ്ട്രത്തലവന്‍മാരുമായും പ്രധാനമന്ത്രി നയതന്ത്ര കൂടിക്കാഴ്ചകള്‍ നടത്തും. 28 വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഓസ്ട്രേലിയ സന്ദര്‍ശിക്കുന്നത്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക