മലേഷ്യന്‍ വിമാനം അമേരിക്ക വെടിവച്ചിട്ടതായിരുന്നു!

തിങ്കള്‍, 2 ജൂണ്‍ 2014 (16:14 IST)
കാണാതായ നലേഷ്യന്‍ യാത്രാ വിമാനം അമേരിക്ക വെടിവച്ചിട്ടതാണെന്ന വാദവുമായി വിമാനത്തിന്റെ ദുരൂഹമായ തിരോധാനത്തെക്കുറിച്ച് ആദ്യത്തെ പുസ്തകം പുറത്തിറങ്ങുന്നു. ഫ്‌ളൈറ്റ് എംഎച്ച്370: ദ മിസ്റ്ററി എന്ന പുസ്തകത്തിലാണ് വിവാദമായ വാദമുഖങ്ങളുള്ളത്.

ആംഗ്ലൊഅമെരിക്കന്‍ മാധ്യമ പ്രവര്‍ത്തകന്‍ നിഗല്‍ കാതോണ്‍ എന്നയാളാണ് പുസ്തകത്തിന്റെ രചയിതാവ്. യുഎസ് തായ്‌ലന്‍ഡ് സംയുക്ത സൈനികാഭ്യാസത്തിനിടെ വിമാനം അബദ്ധത്തില്‍ വെടിവച്ചിട്ടതാണെന്ന പുസ്തകത്തിലെ പരാമര്‍ശം ഇതിനകം വിവാദമായിക്കഴിഞ്ഞു. പുസ്തകം ഓസ്‌ട്രേലിയയിലാണ് പ്രകാശനം ചെയ്യുന്നത്.

വിമാനത്തിന് എയര്‍ ട്രാഫിക് കണ്‍ട്രോളുമായി ബന്ധം നഷ്ടപ്പെടുന്ന സമയത്ത് തെക്കന്‍ ചൈന കടലില്‍ യുഎസും തായ്‌ലന്‍ഡും സൈനികാഭ്യാസം നടത്തുന്നുണ്ടായിരുന്നു എന്നും തായ്‌ലന്‍ഡ് കടലിടുക്കിലാണ് വിമാനം വീണതെന്ന ഒരു എണ്ണക്കിണര്‍ തൊഴിലാളിയുടെ ദൃക്‌സാക്ഷി വിവരണവും നിഗല്‍ തന്റെ വാദമുഖങ്ങള്‍ക്കായി പുസ്തകത്തില്‍ ആശ്രയിച്ചിട്ടുണ്ട്.

അബദ്ധത്തിലാണ് വിമാനം വെടിവച്ചിട്ടതിനാല്‍ അന്താരാഷ്ട്ര പ്രത്യാഘാതങ്ങള്‍ ഭയന്ന് അതു മറച്ചുവയ്ക്കപ്പെടുകയായിരുന്നു എന്നും അന്വേഷണത്തിന്റെ ദിശ തെറ്റിക്കാന്‍ വിമാനത്തിന്റേതിനു സമാനമായ  ബ്ലാക്ക് ബോക്‌സ് ഓസ്ട്രിലയയ്ക്കടുത്ത് കടലില്‍ നിക്ഷേപിച്ചതായിരിക്കാനുള്ള സാധ്യതയും പുസ്തകത്തില്‍ ചൂണ്ടി ക്കാട്ടുന്നു.

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇനിയും വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ലാത്തതിനാല്‍ വിമാനം അവിടെയല്ല വീണതെന്ന് നിഗൈ ഇത്തരം തെളിവുകള്‍ സഹിതം സമര്‍ഥിക്കുന്നു. എന്നാല്‍, വിമാനത്തിലുണ്ടായിരുന്നവരുടെ ബന്ധുക്കള്‍ രോഷത്തോടെയാണ് പുസ്തകത്തോടു പ്രതികരിക്കുന്നത്.

വെബ്ദുനിയ വായിക്കുക