സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്കിന്റെ പ്രവര്‍ത്തനം താത്കാലികമായി നിലച്ചതിന് കാരണം ഹാക്കിംഗെന്ന് സൂചന. ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം എന്നീ സൈറ്റുകള്‍ അടക്കം 7 ഒളം സൈറ്റുകള്‍ ഹാക്ക് ചെയ്തത് തങ്ങളാണെന്ന അവകാശവാദവുമായി ലിസാര്‍ഡ് സ്ക്വാഡ് എന്ന ഹാക്കിംഗ് ഗ്രൂപ്പ് രംഗത്തെത്തിയിട്ടുണ്ട്. ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ടിണ്ടര്‍, എ ഓ എല്‍ മെസ്സെഞ്ചര്‍, ഹിപ് ചാറ്റ്, മൈസ്പേസ് തുടങ്ങിയ സൈറ്റുകള്‍ തങ്ങള്‍ ഓഫ്‌ലൈന്‍ ആക്കിയതായാണ് ഇവര്‍ ട്വിറ്ററിലൂടെ അറിയിച്ചത്.
നേരത്തെ ഇന്ത്യന്‍ സമയം ചൊവ്വാഴ്ച രാവിലെ 11:45 മണിയോടെ ഫേസ്ബുക്കിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിലച്ചിരുന്നു. പിന്നീട് ഉച്ചയ്ക്ക് 12:35 ഓടെയാണ് സേവനം പുനരാരംഭിച്ചത്. ഫേസ്ബുക്കിന് പുറമെ ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റാഗ്രാമിന്റെ പ്രവര്‍ത്തനവും നിലച്ചിരുന്നു. ആഗോളവ്യാപകമായി പ്രശ്നം നേരിട്ടതായാണ് റിപ്പോര്‍ട്ട്.