ഇസ്രായേല്‍- പലസ്തീന്‍ സംഘര്‍ഷ സാധ്യത വീണ്ടും ഉണ്ടാക്കുന്ന തരത്തില്‍ ആരോപണവുമായി ഇസ്രായേല്‍ രംഗത്ത്. തെക്കന്‍ ഇസ്രായേലില്‍ ഗാസ റോക്കറ്റാക്രമണം നടത്തിയതായി ആരോപിച്ചുകൊണ്ട് ഇസ്രായേല്‍ സൈന്യമാണ് രംഗത്തെത്തിയിരിക്കുന്നത്. അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഗാസ ഇതുവരെ ഏറ്റെടുത്തിട്ടില്ല.
ആക്രമണത്തില്‍ ആരുക്കും പരുക്കേറ്റതായോ നാശനഷ്ടങ്ങള്‍ സംഭവിച്ചതായോ കണ്ടെത്തിയിട്ടില്ലെന്നും സൈന്യം വ്യക്തമാക്കി. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി കിഴക്കന്‍ ജറുസലേമില്‍ പലസ്തീന്‍കാരും ഇസ്രായേല്‍ സുരക്ഷാ ഉദ്യോഗസ്ഥരും അല്‍ അക്സ പള്ളിയുടെ പേരില്‍ സംഘട്ടനങ്ങള്‍ നടക്കുന്നതിനിടേയാണ് റോക്കറ്റാക്രമണ വാര്‍ത്തകള്‍ പുറത്ത് വരുന്നത്.
ഓഗസ്റ്റ് 26 നാണ് ഗാസയില്‍ ദീര്‍ഘകാല വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നത്. ജൂണില്‍ മൂന്ന് ഇസ്രയേലി കൌമാരക്കാര്‍ കൊല്ലപ്പെട്ടതോടെയാണ് ഇസ്രയേല്‍ ഗാസയ്ക്കുമേല്‍ ആക്രമണം അഴിച്ചുവിട്ടത്. 2143 പലസ്തീന്‍കാരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇസ്രയേല്‍ പക്ഷത്തു കൊല്ലപ്പെട്ട 71 പേരില്‍ 64 പേരും സൈനികരായിരുന്നു.