ഭീകരതയ്‌ക്കെതിരെ സൗദിയുടെ നേതൃത്വത്തില്‍ 34 രാഷ്ട്രസഖ്യം

ബുധന്‍, 16 ഡിസം‌ബര്‍ 2015 (08:37 IST)
ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) പോലുള്ള ഭീകരസംഘടനകളെ നേരിടാന്‍ സൗദി അറേബ്യ 34 അറബ് രാഷ്ട്രങ്ങളുടെ സംയുക്ത സൈനികശക്തിക്ക് രൂപം നല്‍കി. സൗദി തലസ്ഥാനമായ റിയാദ് ആയിരിക്കും ഭീകരതയ്‌ക്കെതിരെയുള്ള നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുക. 34 അറബ്, ആഫ്രിക്കന്‍, ഏഷ്യന്‍ രാഷ്ട്രങ്ങളടങ്ങുന്ന മുന്നണിയാണ് ഭീകരതയ്‌ക്കെതിരെ പോരിനിറങ്ങുന്നതെന്ന് സൗദി ഡെപ്യൂട്ടി കിരീടാവകാശിയും പ്രതിരോധമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് വ്യക്തമാക്കി.

യുഎഇ, ജോര്‍ദാന്‍, പാകിസ്ഥാന്‍‍, ബഹ്‌റൈന്‍, ബംഗ്ലൂദേശ്, ബെനിന്‍, തുര്‍ക്കി, ഛാഡ്, ടോംഗോ, ടുണീഷ്യ, ജിബൂട്ടി, സെനഗല്‍, സുഡാന്‍, സിയറ ലിയോണ്‍, സൊമാലിയ, ഗാബോണ്‍, ഗിനിയ, പലസ്തീന്‍, കൊമോറോസ്, ഖത്തര്‍, ഐവറികോസ്റ്റ്, കുവൈത്ത്, ലെബനന്‍, ലിബിയ, മാലെദ്വീപ്, മാലി, മലേഷ്യ, ഈജിപ്ത്, മൊറോക്കോ, മൗരിറ്റാനിയ, നൈജര്‍, നൈജീരിയ, യെമന്‍ എന്നീ രാജ്യങ്ങളാണ് മുന്നണിയിലുള്ളത്. ഇതിനുപുറമെ 10 രാഷ്ട്രങ്ങള്‍ സഖ്യത്തിന് പിന്തുണയറിയിച്ചിട്ടുണ്ട്. ഇന്‍ഡൊനീഷ്യ അടക്കമുള്ള പത്തോളം മറ്റ് മുസ്ലിം രാഷ്ട്രങ്ങളും സഹകരിക്കും. അതേസമയം, ബദ്ധവൈരികളായ ഇറാന്‍ പോലുള്ള രാഷ്ട്രങ്ങളെ പങ്കെടുപ്പിക്കില്ലെന്നും സൗദി പറഞ്ഞു.

സിറിയയിലും ഇറാക്കിലും അന്തര്‍ദേശീയ സമൂഹവുമായി സഹകരിച്ചായിരിക്കും ഭീകരരെ നേരിടുക. ഐഎസിനെ മാത്രമല്ല മറ്റു ഭീകര സംഘടനകളെയും ചെറുത്തുതോല്പിക്കുകയാണു ലക്ഷ്യമെന്നും അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് പറഞ്ഞു. ഭീകരതക്കെതിരെ സൈനികവും ചിന്താപരവും പ്രചാരണപരവുമായ യുദ്ധമാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക