ഇന്ത്യന്‍ ആക്രമണത്തിന് മുമ്പ് പാകിസ്ഥാന്‍ തകര്‍ന്നേക്കും; സൈനിക അട്ടിമറി ഭയന്ന് പാക് സര്‍ക്കാര്‍

ബുധന്‍, 28 സെപ്‌റ്റംബര്‍ 2016 (14:54 IST)
ഉറി ആക്രമണത്തിന് പിന്നാലെ ഇന്ത്യയുമായുള്ള ബന്ധം വഷളായതിന്റെ ഞെട്ടല്‍ വിട്ടുമാറാത്ത പാകിസ്ഥാന്‍ കടന്നു പോകുന്നത് ഗുരുതരമായ സാഹചര്യത്തിലൂടെ. സൈനിക മേധാവി ജനറല്‍ റാഹീല്‍ ഷെരീഫിന്റെ അധികാര കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ സൈനിക അട്ടിമറി നീക്കങ്ങള്‍ പാകിസ്ഥാനില്‍ ശക്തമാകുന്നുവെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

ഇന്ത്യയും മറ്റു രാജ്യങ്ങളുമായുള്ള ബന്ധം വഷളായതിനിടെയില്‍ പുതിയ സൈനിക മേധാവിയെ കണ്ടെത്തുക എന്ന വിഷമവൃത്തത്തിലാണ് പ്രധാനമന്ത്രി നവാസ് ഷെരീഫ്. ജനസമ്മതനായ റാഹീല്‍ ഷെരീഫിന് പകരക്കാരനായി എത്തുന്നയാള്‍ മികച്ച കാര്യക്ഷമതയുള്ളയാളാകണമെന്നതിനാല്‍ വിഷയത്തില്‍ തീരുമാനമെടുക്കുന്നതില്‍ ഷെരീഫ് സമ്മര്‍ദ്ദത്തിലാണ്.

ഒക്‍ടോബര്‍ ആദ്യം തന്നെ പുതിയ സൈനിക തലവനെ കണ്ടെത്തുമെന്ന് പാക് സര്‍ക്കാര്‍ വ്യക്തമാക്കുന്നുണ്ട്. നാല് ലെഫ്റ്റനന്റ് ജനറല്‍മാരുടെ പേരുകളാണ് നവാസ് ഷെരീഫിന് മുന്നിലുള്ളത്. പുതിയ സൈനിക തലവന്‍ വരുന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലാകുമെന്നാണ് വിലയിരുത്തല്‍

സര്‍ക്കാരിന്റെ വിവിധ തലങ്ങളിലും സൈന്യത്തിലും അതിയായ സ്വാധീനമുള്ള റാഹീല്‍ ഷെരീഫ് അധികാരം വിട്ടാലും പല വകുപ്പുകളും നിയന്ത്രിച്ചേക്കാമെന്നും അത് സൈനിക അട്ടിമറിക്ക് വഴിയൊരുക്കുമെന്നുമാണ് പാക് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കൂടാതെ പ്രധാനമന്ത്രി നവാസ് ഷെരീഫുമായി റാഹീല്‍ ഷെരീഫിന് മോശമായ ബന്ധമാണ് ഉള്ളതെന്നതും പുറത്തുവരുന്ന  വാര്‍ത്തകള്‍ക്ക് ശക്തി പകരുന്നുണ്ട്. നവംബറില്‍ കാലാവധി അവസാനിക്കുന്നതോടെ അധികാരത്തില്‍ നിന്ന് മാറി നില്‍ക്കുമെന്നാണ് ജനറല്‍ റാഹില്‍ ഷെരീഫ് വ്യക്തമാക്കുന്നത്.

വെബ്ദുനിയ വായിക്കുക