പേടിച്ചരണ്ട് പാകിസ്ഥാന്‍; ഇന്ത്യന്‍ തിരിച്ചടി ഭയന്ന് പാക് സൈന്യം നടത്തുന്ന നീക്കങ്ങള്‍ നാണിപ്പിക്കുന്നത്
വെള്ളി, 23 സെപ്‌റ്റംബര്‍ 2016 (13:42 IST)
ഉറിയിലെ കരസേനാ കേന്ദ്രത്തിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ തിരിച്ചടിക്കുമെന്ന ഭയത്തില്‍ പാകിസ്ഥാന്‍ സൈനിക വിമാനങ്ങൾ പരീക്ഷണപ്പറക്കലുകൾ നടത്തിയതായി റിപ്പോർട്ട്. ദേശീയ പാതയിൽ ഗതാഗതം റദ്ദാക്കി പാക് വ്യോമസേനയുടെ പോർവിമാനങ്ങൾ റോഡിൽ ഇറക്കി പരീക്ഷണ ലാൻഡിംഗ് നടത്തിയെന്നുമാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്.
ഇന്ത്യ തിരിച്ചടിക്കുമെന്ന് സൂചന ലഭിച്ച പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ മാത്രമല്ല ഒരുക്കങ്ങള്‍ നടത്തിയത്. ഇന്ധനം കരുതിവയ്‌ക്കുന്നതിന്റെ ഭാഗമായി പ്രാദേശിക വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവച്ചു. കൂടാതെ വ്യോമസേന വിമാനങ്ങള്‍ കൂടുതല്‍ പരീക്ഷണ പറക്കല്‍ നടത്തുകയും ചെയ്‌തു.
ഇസ്ലാമാബാദ്– ലാഹോർ തിരക്കേറിയ ദേശീയ പാതയിലാണ് ഗതാഗതം തടഞ്ഞ് പാക് യുദ്ധ വിമാനം ഇറക്കിയത്. എന്നാല്‍ പരീക്ഷണമാണ് നടന്നതെന്ന് പാക് വ്യോമസേന വക്‌താവ് ജാവേദ് മുഹമ്മദ് അലി പറഞ്ഞു. മുമ്പും ഇത്തരം പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ടെന്നും റൺവേയ്ക്ക് എന്തെങ്കിലും തകരാർ സംഭവിച്ചാൽ എന്തുചെയ്യും എന്നതിന്റെ പരീക്ഷണമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.
എഫ്–7, മിറാഷ് യുദ്ധ വിമാനങ്ങൾ പെഷാവർ – റാവൽപിണ്ടി ഹൈവേയിലും പരീക്ഷണ ലാൻഡിംഗ് നടത്തി. നേരത്തെ എം1, എം2 ദേശീയപാതകളുടെ ഏതാനും ഭാഗങ്ങൾ അടച്ചതായി പാക്കിസ്ഥാൻ ദേശീയപാതാ വിഭാഗം പത്രക്കുറിപ്പ് ഇറക്കിയിരുന്നു. സൈനികാഭ്യാസത്തിന്റെ ഭാഗമായി മേഖലയിലെ വ്യോമഗതാഗതത്തിനും നിയന്ത്രണം ഏർപ്പെടുത്തി.
ക്രോസ് ബോർഡർ മിലിട്ടറി ഫോഴ്സിനെ ഉപയോഗിച്ച് ഇന്ത്യ തിരിച്ചടി നല്‍കുമോയെന്ന് ആശങ്കയുള്ളതിനാൽ പാക് സൈന്യം അതീവജാഗ്രതയിലാണെന്ന് പാക് സുരക്ഷാ ഉദ്യോഗസ്‌ഥർ സ്‌ഥിരീകരിച്ചു. ഇന്ത്യ ആക്രമിക്കുന്ന ഭയം പിടികൂടിയ പാകിസ്ഥാന്‍ സൈനിക തയാറെടുപ്പുകള്‍ നടത്തിയതോടെ അവരുടെ ഓഹരി വിപണി ഇടിയാന്‍ കാരണമായി.
ബുധനാഴ്ച കറാച്ചി സ്റ്റോക് എക്സ്ചേഞ്ച് 569 പോയിന്റ് ഇടിഞ്ഞ് 39,771 ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
അതിര്‍ത്തിയില്‍ പാക് സൈന്യം ഒരുക്കങ്ങള്‍ വേഗത്തിലാക്കിയതും സുരക്ഷ ശക്തമാക്കുന്നതിനായി നടപടികള്‍ സ്വീകരിച്ചതുമാണ് വിപണിക്കു വെല്ലുവിളിയായത്. ഇന്ത്യയുമായി സംഘർഷമുണ്ടാകാൻ സാധ്യതയുണ്ടെന്ന തെറ്റായ പ്രചാരണം വിപണിക്കു തിരിച്ചടിയായെന്ന് കറാച്ചി സ്റ്റോക്ക് എക്സ്ചേഞ്ച് മുൻ ചെയർമാൻ ആരിഫ് ഹാബിബ് പറഞ്ഞു.