ഇന്ത്യ - ചൈന ബന്ധം ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ഗതി നിർണയിക്കും: പ്രധാനമന്ത്രി
വെള്ളി, 15 മെയ് 2015 (16:01 IST)
ഇന്ത്യ - ചൈന ബന്ധം ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ഗതി നിർണയിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി . ചൈനീസ് പ്രധാനമന്ത്രി ലീ കെക്വിയാംഗുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തിറക്കിയ സംയുക്ത പത്രക്കുറിപ്പിലാണ് മോഡിയുടെ പരാമർശം
ഇന്ത്യയും - ചൈനയും തമ്മിലുള്ള ബന്ധത്തിൽ നിരവധി സങ്കീർണതകളുണ്ടെങ്കിലും അതെല്ലാം മറന്ന് മുന്നോട്ട് പോകേണ്ട ചരിത്രപരമായ കർത്തവ്യം ഇരുരാജ്യങ്ങൾക്കും നിറവേറ്റേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. ഈ വിഷയത്തിൽ പുരോഗതി ഉണ്ടാവുമെന്ന് തന്നെയാണ് ചർച്ചകളിൽ നിന്ന് മനസ്സിലാകുന്നതെന്നും അദ്ദേഹം പറഞ്ഞു
ഭീകരവാദം ഇരു രാജ്യങ്ങൾക്കും ഭീഷണിയാണ് . പശ്ചിമേഷ്യയിലെ അശാന്തി ഇരുവരേയും ബാധിക്കും . അഫ്ഗാനിലെ സമാധാനം ഇരു രാജ്യങ്ങൾക്കും അത്യാവശ്യവുമാണ് . അതുകൊണ്ട് തന്നെ അന്താരാഷ്ട്രരംഗങ്ങളിൽ ഇരുരാജ്യങ്ങളും ഒരുമിച്ച് മുന്നോട്ടുപോവുമെന്ന കാര്യത്തിൽ തനിക്ക് ആത്മവിശ്വാസമുണ്ടെന്ന് പ്രധാനമന്തി വ്യക്തമാക്കി .
ഇരു രാജ്യങ്ങളിലേയും ഭരണാധികാരികൾ കൃത്യമായ ഇടവേളകളിൽ കൂടിക്കാഴ്ച നടത്തുന്നത് പരസ്പര സഹകരണം വർദ്ധിപ്പിക്കുമെന്ന ചൈനീസ് പ്രസിഡന്റിന്റെ നിർദ്ദേശം സ്വീകരിച്ച് പ്രധാനമന്ത്രി ലീ കെക്യാംഗിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും മോഡി പറഞ്ഞു . നാളെ ഷാംങ്ഹായിലെത്തുന്ന പ്രധാനമന്ത്രി ചൈനയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യും.