ചൈനയില്‍ ഭൂചലനം: 45 പേര്‍ക്ക് പരിക്ക്

ശനി, 31 മെയ് 2014 (16:35 IST)
തെക്കുപടിഞ്ഞാറന്‍ ചൈനയിലെ യുനാന്‍ പ്രവിശ്യയിലെ യിന്‍ജിംയാങ് കൌണ്ടിയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 45 പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.

രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. 3500 സൈനികരും, അര്‍ധസൈനിക വിഭാഗത്തിന്റെയും പോലീസിന്റെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.

പ്രാഥമിക റിപ്പോര്‍ട്ടുകളനുസരിച്ച്‌ ആളപായമില്ല. ഭൂചലനത്തില്‍ നിരവധി കെട്ടിടങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചു. 15 ടൌണ്‍ഷിപ്പുകളിലായി 15,0000-ല്‍പരം കുടുംബങ്ങള്‍ താമസിക്കുന്ന മേഖലയിലാണ് ഭൂചലനം.  35,000 ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി രക്ഷാപ്രവര്‍ത്തകര്‍ വ്യക്തമാക്കി.

ഒരാഴ്ചമുമ്ബ് ഇതേമേഖലയില്‍ റിക്ടര്‍ സ്കെയില്‍ 5.6 ഭൂചലനം ഉണ്ടായെങ്കിലും കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇത്തവണ വന്‍നാശനഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ട്. 2011 മാര്‍ച്ചില്‍ യിന്‍ജിംയാങില്‍ റിക്ടര്‍ സ്കെയില്‍ 5.8 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 26 പേര്‍ മരിക്കുകയും 300 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

വെബ്ദുനിയ വായിക്കുക