വിറങ്ങലിച്ച് ന്യൂയോർക്ക്; മരണം 7000 കടന്നു, കൂട്ടക്കുഴിമാടം റെഡി

അനു മുരളി

വെള്ളി, 10 ഏപ്രില്‍ 2020 (18:18 IST)
കൊവിഡ് 19നു മുന്നിൽ വിറങ്ങലിച്ച് അമേരിക്ക. ലോകത്തിലെ രോഗബാധിതരുടെ അഞ്ചില്‍ ഒന്നും അമേരിക്കയില്‍ തന്നെ. 1900 പേരാണ് വ്യാഴാഴ്ച മാത്രം അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണ സംഖ്യ 16691 ആയി. രോഗാബാധിതരുടെ എണ്ണം 4,68,5566 ആണ്. ഇതിൽ ന്യൂ യോർക്ക് ആണ് പേടിപ്പെടുത്തുന്നത്.
 
7000 പേർ ന്യൂയോർക്കിൽ മാത്രം കൊവിഡ് 19 ബാധിച്ച് മരണമടഞ്ഞു. ഏകദേശം 19 ലക്ഷത്തോളം ആളുകൾക്ക് ഇവിടെ രോഗം സ്ഥിരീകരിച്ച് കഴിഞ്ഞു. മരണസംഖ്യ ഉയർന്നതോടെ മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്കരിക്കാനുള്ള തയ്യാറെടുപ്പിലാണ് ന്യൂയോർക്ക്.
 
ന്യൂയോര്‍ക്കിലെ ഹാര്‍ട്ട് ഐലന്‍ഡിലാണ് വലിയ കുഴിമാടം തീര്‍ത്തിരിക്കുന്നത്. കൊവിഡ് 19 ബാധിച്ച് മരണമടയുന്ന, അടുത്ത ബന്ധുക്കൾ ഇല്ലാത്തവരേയും സംസ്കാരത്തിനു ചിലവ് വഹിക്കാൻ കഴിയാത്തവരേയുമാണ് ഇവിടെ സംസ്കരിക്കുക. സുരക്ഷാ കവചമണിഞ്ഞ തൊഴിലാളികള്‍ വലിയ കുഴിയില്‍ കൂട്ടമായി ശവപ്പെട്ടികള്‍ അടക്കം ചെയ്യുന്നതിന്റെ ഡ്രോണ്‍ ചിത്രങ്ങള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുഴിമാടത്തിലേക്ക് കോവണി വഴിയാണ് തൊഴിലാളികൾ ഇറങ്ങുക.
 
കൊറോണ നാശം വിതച്ച രാജ്യങ്ങളിൽ മുൻപന്തിയിലാണ് അമേരിക്ക.ലോകത്തില്‍ ഏറ്റവും അധികം രോഗബാധിതര്‍ ഉള്ളത് അമേരിക്കയില്‍ ആണ്. പതിനായിക്കണക്കിന് ആളുകള്‍ക്കാണ് ഓരോ ദിവസവും രോഗം സ്ഥിരീകരിക്കുന്നത്. ആദ്യ ഘട്ടത്തിൽ വേണ്ടത്ര പരിശോധന നടത്താതിരുന്നതാണ് കാര്യങ്ങൾ ഇത്ര വഷളാകാൻ കാരണമായത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍