ആൽപ്സിലെ കൊടും തണുപ്പില്‍ കേബിൾ കാറിൽ അവര്‍ കുടുങ്ങിയത് 10 മണിക്കൂർ; വിനോദസഞ്ചാരികളെ അത്‌ഭുതകരമായി രക്ഷപ്പെടുത്തി

വെള്ളി, 9 സെപ്‌റ്റംബര്‍ 2016 (18:47 IST)
ഫ്രാൻസിലെ പ്രശസ്‌തമായ ആൽപ്സ് പർവതനിരകളിലെ മൗണ്ട് ബ്ലാങ്ക് കൊടുമുടിയില്‍ കേബിൾ കാറിൽ കുടുങ്ങിയ വിനോദ സഞ്ചാരികളെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ രക്ഷപ്പെടുത്തി. ഫ്രാൻസിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് മൗണ്ട് ബ്ലാങ്ക്. 3600 അടി ഉയർത്തിലുള്ള കേബിൾ കാറിലാണ് സഞ്ചാരികൾ കുടുങ്ങിയത്. 10 മണിക്കൂറിന്  ശേഷമാണ് ഇവരെ രക്ഷപ്പെടുത്താനായത്. ഇറ്റലി-ഫ്രാന്‍സ് രാജ്യങ്ങളുടെ അതിര്‍ത്തിയിലാണ് മൗണ്ട് ബ്ലാങ്ക് കൊടുമുടി.
 
110 അംഗ വിനോദസഞ്ചാരികള്‍ ഇന്നലെ വൈകിട്ടാണ് കേബിൾ കാറിൽ കുടുങ്ങിയത്. ഇതില്‍ 65 പേരെ രാത്രിയോടെ രക്ഷപ്പെടുത്താനായെങ്കിലും മോശം കാലാവസ്ഥയേത്തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കുകയാ‍യിരുന്നു. കേബിൾ കാറിൽ കുടുങ്ങിയവർക്ക് രക്ഷാപ്രവർത്തകർ ഹെലികോപ്‌റ്ററില്‍ പുതപ്പും ഭക്ഷണവും എത്തിച്ചിരുന്നു.
 
1200 കിലോമീറ്റർ നീളത്തിൽ ഓസ്ട്രിയ, സ്ലൊവേന്യ, ഇറ്റലി, സ്വിറ്റ്സർലന്റ്, ലിച്ചെൻസ്റ്റെയ്ൻ, ജർമനി, ഫ്രാൻസ്, മൊണാക്കോ എന്നീ എട്ടു രാജ്യങ്ങളിലായി ഇത് വ്യാപിച്ചു കിടക്കുന്ന യൂറോപ്പിലെ ഏറ്റവും വലിയ പർ‌വതനിരയാണ് ആൽപ്സ്.

വെബ്ദുനിയ വായിക്കുക