കോവിഡ് മഹാമാരിയില്ലെങ്കില്‍ ആളും ആരവവുമായി ബ്രിട്ടന്‍ ആഘോഷിക്കുന്ന വിവാഹമാകുമായിരുന്നു പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെയും കാമുകി കാരി സിമണ്ട്‌സിന്റെയും. ശനിയാഴ്ച ഉച്ചയോടെ ലണ്ടനില്‍ നടന്ന സ്വകാര്യ ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. പരിസ്ഥിതി അഭിഭാഷക കൂടിയായ കാരി സിമണ്ട്‌സില്‍ ബോറിസിന് ഒരു മകനുണ്ട്. ഇരുവരുടെയും വിവാഹനിശ്ചയം നേരത്തെ കഴിഞ്ഞിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ബ്രിട്ടണിലെ വിവാഹ ചടങ്ങില്‍ വെറും 30 പേര്‍ മാത്രമാണ് പങ്കെടുത്തത്. വെസ്റ്റ്മിന്‍സ്റ്റര്‍ കത്തീഡ്രലിലായിരുന്നു വിവാഹം. 2019 ല്‍ ജോണ്‍സണ്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റശേഷം ഇരുവരും ഒന്നിച്ചാണ് താമസിച്ചിരുന്നത്. അതിനു മുന്‍പെ ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. 2020 ലാണ് മകന്‍ വില്‍ഫ്രഡ് ജനിക്കുന്നത്. 56-കാരനായ ജോണ്‍സണും 33 കാരിയായ കാരി സിമ്ണ്ടസും തമ്മിലുള്ള വിവാഹനിശ്ചയം 2020 ഫെബ്രുവരിയിലായിരുന്നു.
ബോറിസ് ജോണ്‍സന്റെ മൂന്നാമത്തെ വിവാഹമാണ് ഇത്. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ഗേള്‍ഫ്രണ്ട് അലിഗ്ര ഓവനാണ് ജോണ്‍സന്റെ ആദ്യ ഭാര്യ. 1987 ലായിരുന്നു ഇരുവരുടെയും വിവാഹം. കല്യാണം കഴിക്കുന്ന സമയത്ത് ഇരുവര്‍ക്കും പ്രായം 23 ആയിരുന്നു. 'ഞങ്ങളുടെ ഊഷ്മളമായ ബന്ധത്തിന്റെ അവസാനം' എന്നാണ് വിവാഹത്തെ പിന്നീട് അലിഗ്ര വിശേഷിപ്പിച്ചത്. വിവാഹശേഷം ഇരുവരും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായി. ഒടുവില്‍ ഈ ദാമ്പത്യം വെറും ആറ് വര്‍ഷം മാത്രമാണ് നീണ്ടുനിന്നത്. 1993 ല്‍ വിവാഹമോചനം നേടി.
ആദ്യ വിവാഹബന്ധം നിയമപരമായി വേര്‍പ്പെടുത്തി 12 ദിവസത്തിനു ശേഷം ബോറിസ് അടുത്ത വിവാഹം കഴിച്ചു. ഇന്ത്യന്‍ വേരുകള്‍ ഉള്ള മറീന വീലര്‍ ആയിരുന്നു ബോറിസ് ജോണ്‍സന്റെ രണ്ടാം ഭാര്യ. വിവാഹം കഴിക്കുന്ന സമയത്ത് മറീന ഗര്‍ഭിണിയായിരുന്നു. വിവാഹം കഴിഞ്ഞ് അഞ്ച് ആഴ്ചകള്‍ പിന്നിട്ടപ്പോള്‍ മറീനയ്ക്ക് കുഞ്ഞ് പിറന്നു. പിന്നാലെ ഇരുവര്‍ക്കും മൂന്ന് കുട്ടികള്‍ കൂടി ജനിച്ചു. ഈ വിവാഹബന്ധം 25 വര്‍ഷത്തോളം നീണ്ടുനിന്നു.