തുര്‍ക്കിയിലെ സ്‌ഫോടനം; 95 മരണം, ഇരുനൂറിലേറെ പേര്‍ക്ക് പരുക്ക്
ഞായര്‍, 11 ഒക്‌ടോബര്‍ 2015 (10:50 IST)
തുര്‍ക്കിയുടെ തലസ്ഥാനമായ അങ്കാറയില്‍ നടന്ന ഇരട്ടസ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 95 ആയി. സംഭവത്തില്‍ ഇരുനൂറിലേറെ പേര്‍ക്ക് പരുക്കേറ്റു. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. പരുക്കേറ്റവരില്‍ അമ്പതോളം പേരുടെ നില ഗുരുതരമാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
അങ്കാറ റെയില്‍വേ സ്‌റ്റേഷനു മുന്നില്‍ ശനിയാഴ്ച ഇടതുപക്ഷവും കുര്‍ദ് അനുകൂലികളുമുള്‍പ്പെടെ സംയുക്തമുന്നണി നടത്തിയ സമാധാനറാലിക്കിടെയാണ് ഇരട്ട സ്‌ഫോടനമുണ്ടായത്. ശക്തമായ സ്‌ഫോടനത്തില്‍ സമീപത്തെ വാഹനങ്ങളും കടകളും കത്തിനശിച്ചു. സമീപത്ത് പാര്‍ക്ക് ചെയ്‌തിരുന്ന വാഹനങ്ങളും ആക്രമണത്തില്‍ നശിച്ചു. സ്‌ഫോടനം നടന്നയുടന്‍ പ്രദേശം പൊലീസ് വളയുകയും പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. പലരും സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. ചാവേറുകളാണ് ആക്രമണം നടത്തിയതെന്നാണ് കരുതുന്നത്.
തീവ്രവാദി ആക്രമണം രാജ്യത്തിനെതിരായ വെല്ലുവിളിയാണെന്ന് പ്രസിഡന്റ് ഉര്‍ദുഖാന്‍ പറഞ്ഞു. രാജ്യത്ത് മൂന്നു ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. തുര്‍ക്കിയുടെ അഖണ്ഡതയ്ക്കും ജനാധിപത്യത്തിനും എതിരായ ആക്രമണമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ തുര്‍ക്കി പ്രസിഡന്റ് ത്വയിപ് എര്‍ദോഗനെ ഫോണില്‍ വിളിച്ചു. ഒബാമ സംഭവത്തെ അപലപിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തു.